കാർഷിക നിയമങ്ങൾ പോലെ, അഗ്നിപഥും കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരും: രാഹുൽ ഗാന്ധി

രാജ്യത്തിന്റെ പ്രതിരോധ രംഗം ശക്തിപ്പെടേണ്ട സാഹചര്യത്തിൽ സൈന്യത്തെ ദുർബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് രാഹുൽ ഗാന്ധി

Update: 2022-06-23 15:55 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പോലെ അഗ്നിപഥും കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി. ഇത് സായുധ സേനയെ ദുർബലപ്പെടുത്തുന്ന പദ്ധതിയാണ്. അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരോടും കോൺഗ്രസ് നേതാക്കളോടും അഭ്യർത്ഥിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''ഇ.ഡി ചോദ്യം ചെയ്തത് ചെറിയ കാര്യം, അത് വിടൂ, ബിജെപി സർക്കാർ നമ്മുടെ സൈന്യത്തെ ദുർബലപ്പെടുത്തുകയാണ്, അവർ സ്വയം ദേശീയവാദികൾ എന്ന് വിളിക്കുന്നു, സേനയിൽ പ്രവേശിക്കാൻ കഠിനമായി പരിശീലിക്കുന്ന നമ്മുടെ യുവാക്കളാണ് യഥാർത്ഥ ദേശ സ്‌നേഹികൾ, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്''- രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക ബില്ലുകൾ കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. എന്നിട്ട് കാർഷിക ബില്ലുകൾ പിൻവലിച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. ഓരോ ഇന്ത്യൻ യുവാക്കളും ഞങ്ങളോടൊപ്പമാണ്. കാരണം സൈന്യത്തെ ദുർബലപ്പെടുത്തുന്നതിലല്ല, ശക്തിപ്പെടുത്തുന്നതിലാണ് യഥാർത്ഥ ദേശസ്‌നേഹം ഉള്ളതെന്ന് അവർക്കറിയാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

അഗ്നിപഥിലൂടെ സേനയിലെത്തുന്ന യുവാക്കളിൽ വലിയൊരു വിഭാഗം നാലു വർഷത്തിന് ശേഷം പുറന്തള്ളപ്പെടും, മറുവശത്ത് ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ വിഹരിക്കുകയാണ്. അവർ നമ്മുടെ ഭൂമി കയ്യേറി. രാജ്യം സൈനികമായി ശക്തിപ്പെടേണ്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അതിനെ ദുർബലപ്പെടുത്തുന്ന നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും യുദ്ധമുണ്ടായാൽ ഇത് രാജ്യത്ത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും രാഹുൽ ഗാന്ധി വിശദമാക്കി. 

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറാണ് ഇ.ഡി ചോദ്യം ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദിവസങ്ങളോളം ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോയി രാഹുൽ ഗാന്ധിയെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, കേസുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രാഹുലിന് കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി. തന്റെ ക്ഷമയും സഹിഷ്ണുതയും അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. '11 മണിക്കൂറിലേറെ തളർച്ചയില്ലാതെ എങ്ങനെ കസേരയിൽ നിവർന്നിരിക്കാൻ കഴിഞ്ഞെന്ന് ഇ.ഡി ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചു. അവരോട് സത്യം പറയേണ്ടെന്ന് ഞാൻ തീരുമാനിച്ചു. മറ്റൊരു കാരണം പറഞ്ഞു. ഞാൻ വിപാസന ചെയ്യുന്നുണ്ടെന്ന് മറുപടി നൽകി. വിപാസനയിൽ മണിക്കൂറുകൾ ഇരിക്കണം. നിങ്ങൾ ഇത് ശീലമാക്കണമെന്നും പറഞ്ഞു'- രാഹുൽ തമാശയായി പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News