ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ ആദ്യ പട്ടികയുമായി ബി.ജെ.പി
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, മലപ്പുറത്ത് എ.പി. അബ്ദുല്ലക്കുട്ടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള ആദ്യ സ്ഥാനാർഥി സാധ്യതാ പട്ടികയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഡൽഹിയിൽ. പട്ടികയിൽ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചർച്ച നടക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും പത്തനംതിട്ടയിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്കുമാണ് മുൻഗണന.
തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ അത്ഭുതങ്ങൾ സംഭവിക്കാനിടയില്ല. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേരിന് പ്രാമുഖ്യം നൽകുമ്പോൾ, ആറ്റിങ്ങലിൽ വി. മുരളീധരന്റെയും തൃശ്ശൂരിൽ സുരേഷ് ഗോപിയുടെയും പേരുകൾ മാത്രമാണ് പട്ടികയിലുള്ളത്. പാലക്കാട്ട്, കഴിഞ്ഞ തവണ മത്സരിച്ച സി. കൃഷ്ണകുമാർ തന്നെയാകും ഇക്കുറിയും.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ തർക്കമുണ്ടായാൽ മാത്രം കുമ്മനം രാജശേഖരന്റെ പേര് പരിഗണിക്കും. കൊല്ലം മണ്ഡലത്തിലും കുമ്മനത്തിന്റെ പേര് പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് അനിൽ ആന്റണി, കിറ്റക്സ് എം.ഡി സാബു എം. ജേക്കബ് എന്നീ പേരുകളാണ് പട്ടികയിലുള്ളത്.
പത്തനംതിട്ടയിൽ പി.സി. ജോർജിനോട് ബി.ഡി.ജെ.എസ് അതൃപ്തി പ്രകടിപ്പിച്ച സ്ഥിതിക്ക് പി.എസ്. ശ്രീധരൻപിള്ളയുടെ പേരിനാണ് സാധ്യത. പി.സി. ജോർജിന്റെ പേരും മകൻ ഷോൺ ജോർജിന്റെ പേരും പട്ടികയിലുണ്ട്. ആലപ്പുഴയിലും അനിൽ ആന്റണിയുടെ പേര് പരിഗണനയിലുണ്ട്. ഒപ്പം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ, സന്ദീപ് വചസ്പതി എന്നിവരുമുണ്ട്.
മലപ്പുറത്ത് എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരാണ് പരിഗണനയിൽ. വയനാട്ടിൽ ശോഭാ സുരേന്ദ്രനാണ് സാധ്യത. ശോഭയുടെ പേര് കോഴിക്കോട്, വടകര മണ്ഡലങ്ങളിലും പട്ടികയിലുണ്ട്. ശോഭ വയനാട്ടിലേക്ക് പോയാൽ കോഴിക്കോട് എം.ടി. രമേശും വടകരയിൽ പ്രഫുൽ കൃഷ്ണനും സ്ഥാനാർഥികളാകും. കോൺഗ്രസ് വിട്ടുവന്ന സി. രഘുനാഥിനെയാണ് കണ്ണൂരിൽ പരിഗണിക്കുന്നത്. കാസർകോട്ട് പി.കെ കൃഷ്ണദാസ്, ആലത്തൂരിൽ ഷാജിമോൻ വട്ടേക്കാട് എന്നിവരും പട്ടികയിലുണ്ട്.