അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിൽ; സഹപാഠികൾക്കൊപ്പം ഓർമകൾ പങ്കുവെച്ച് എം.എ യൂസഫലി

കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിന് 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

Update: 2023-08-12 14:53 GMT
Advertising

തൃശ്ശൂർ: 52 വർഷങ്ങൾക്ക് ശേഷം പഴയ ക്ലാസ്മുറിയിൽ സഹപാഠികൾക്കൊപ്പം ഓർമകൾ പങ്കുവെച്ച് വ്യവസായി എം.എ യൂസഫലി. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ യൂസഫ് അലി ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ തൃശൂർ കാട്ടൂർ കാരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് സഹപാഠികൾക്കൊപ്പം ഒത്തുചേർന്നത്. 1970-71 ബാച്ചിലെ വിദ്യാർഥികളും അധ്യാപകരുമെല്ലാം സൗഹൃദ കൂട്ടായ്മയിലേക്ക് എത്തിയിരുന്നു.

അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും അധ്യാപകരെയും സഹപാഠികളെയും മുഴുവൻ പേരെടുത്ത് വിളിച്ചാണ് യൂസഫലി സംസാരിച്ചത്. തൃപയാറിൽ നിന്ന് ബസ് കയറിയും നടന്നും കരാഞ്ചിറ സ്‌കൂളിലേക്ക് എത്തിയിരുന്ന കാലം എം.എ യൂസഫലി ഓർമിച്ചെടുത്തു. സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളാണ് ബിസിനസ് ജീവിതത്തിൽ തനിക്ക് സഹനശക്തിയും കരുത്തും നൽകുന്നതെന്ന് യൂസഫലി വ്യക്തമാക്കി. ലോകത്ത് എവിടെ പോയാലും കേരളത്തെ കുറിച്ചും ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയുമാണ് താൻ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മറ്റൊരു ബിസിനസ് മീറ്റിങ്ങിന്റെ അറിയിപ്പ് എത്തിയെങ്കിലും ആ കുറിപ്പ് കീറികളഞ്ഞ്, കുറച്ചുനേരം തന്റെ കൂട്ടുകാർക്കൊപ്പം ചെലവഴിക്കട്ടെ എന്ന യൂസഫലിയുടെ മറുപടി എല്ലാവരിലും ചിരിപടർത്തി. ചങ്ങമ്പുഴയുടെ കവിത ചൊല്ലിയും എം.എ യൂസഫലി സൗഹൃദ ഓർമകൾ പങ്കുവെച്ചു. ടീച്ചർമാർക്ക് മുത്തം നൽകിയും അവരെ ചേർത്തുപിടിച്ചും അദ്ദേഹം പെരുമാറിയത് സംഗമത്തെ വികാരഭരിതമാക്കി.

കൂട്ടായ്മയിൽ പങ്കെടുക്കാനായി സ്വകാര്യ ജെറ്റിലാണ് യൂസഫലി എത്തിയത്. സഹപാഠിയും വിദേശ സർവകലാശാലയിലെ അധ്യാപകനുമായിരുന്ന എ.ടി മാത്യുവാണ് അധ്യക്ഷ പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ എം.എ യൂസഫലിയെ യൂസഫലി സാർ എന്നാണ് മാത്യു വിശേഷിപ്പിച്ചത്. എന്നാൽ ഒപ്പം പഠിച്ചയാളെ എന്തിനാണ് സാറെന്ന് വിളിക്കുന്നതെന്ന് ചോദിച്ച് യൂസഫലി മാത്യുവിനെ തിരുത്തിയത് വേദിയിൽ ചിരിപടർത്തി.

Full View

കരാഞ്ചിറ സ്‌കൂളിലെ അധ്യാപകരും സഹപാഠികളും ചേർന്ന് പൂർവ്വവിദ്യാർഥി കൂടിയായ യൂസഫലിയെ പൊന്നാട അണിയിച്ചു, സ്‌കൂൾ അധികൃതർ ഉപഹാരവും സമ്മാനിച്ചു. സ്‌കൂൾ ലീഡറായിരുന്ന എം.എ യൂസഫലി മിടുക്കനായ വിദ്യാർഥിയായിരുന്നുവെന്നും തോമസ് മാഷ് ഓർമിച്ചു.

കൂടുതൽ ക്ലാസ് റൂമുകൾ നിർമിക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി 50 ലക്ഷം രൂപ എം.എ യൂസഫലി സ്‌കൂളിന് നൽകുമെന്ന് പ്രഖ്യാപിച്ചു. അഞ്ച് ക്ലാസ് റൂമുകൾ നിർമിക്കാനായി 41 ലക്ഷം രൂപയാണ് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടത്, എന്നാൽ താൻ പഠിച്ച സ്‌കൂൾ കൂടുതൽ അധുനികവത്കരിക്കാനും അധികം വിദ്യാർത്ഥികൾക്ക് സൗകര്യം ലഭിക്കാനുമായി 50 ലക്ഷം രൂപ യൂസഫലി പ്രഖ്യാപിക്കുകയായിരുന്നു. എത്രയും വേഗം നിർമാണം പൂർത്തീകരിക്കാനും ഉദ്ഘാടനത്തിന് താനുണ്ടാകുമെന്നും അധികൃതർക്ക് യൂസഫലി ഉറപ്പ് നൽകി.

കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂൾ മാനേജർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ, പൂർവ്വ അധ്യാപകൻ തോമസ് ജോൺ ആലപ്പാട്ട്, സ്‌കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു സി.ജെ, പൂർവ്വവിദ്യാർഥിയും മുൻ ഡെപ്യൂട്ടി കലക്ടറുമായ ഗിരിജ രാജൻ, പൂർവ്വ വിദ്യാർഥികളായ എ.ടി മാത്യു, ബലരാമൻ ടി.എം., സി ബാലകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

MA Yousafali at the Alumni Reunion at St. Xavier's High School, Karanchira

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News