കോഴിക്കോട് നഗരത്തിൽ ഒരാൾ കുഴഞ്ഞുവീണു മരിച്ചു; ഉത്തരവാദി ഗവർണറെന്ന് സിപിഎം
ഉച്ചയോടെ മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപാണ് സംഭവം.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ചേവായൂർ സ്വദേശി അശോകനാണ് മരിച്ചത്. ഉച്ചയോടെ മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപാണ് സംഭവം.
ഗവർണർ വരുന്നതിന് തൊട്ടുമുമ്പ് മിഠായിത്തെരുവിന് സമീപം എൽഐസി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു അശോകൻ. ഈ സമയം ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, മരണത്തിൽ ഗവർണർക്കെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തി. മരണത്തിന് ഉത്തരവാദി ഗവർണറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ആരോപിച്ചു.
ഗവർണറുടെ വാഹനവ്യൂഹം പോവേണ്ടതിനാൽ ആംബുലൻസിന് എത്താനായില്ലെന്നും കുഴഞ്ഞുവീണ ആളെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും മോഹനൻ ആരോപിച്ചു.
അതേസമയം, കുഴഞ്ഞുവീണയാൾക്ക് അടുത്തുനിന്നവർ ഉടൻ തന്നെ വെള്ളംകൊടുത്തിരുന്നു. തുടർന്നാണ് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരടക്കമുള്ളവർ ചേർന്നാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചത്.