മാർ മിലിത്തോസിന്റെ പ്രസ്താവന വ്യക്തിപരം, സഭയുടെ നിലപാടല്ല: ഓർത്തഡോക്‌സ് സഭ
ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസിന്റെ പ്രതികരണം
കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്താ നടത്തിയ പ്രസ്താവന തീർത്തും വ്യക്തിപരമെന്ന് ഓർത്തഡോക്‌സ് സഭ. മാർ മിലിത്തോസിന്റെ പ്രസ്താവന സഭയുടെ നിലപാടായി കാണാൻ കഴിയില്ലെന്നും ഓർത്തഡോക്‌സ് സഭ വ്യക്തമാക്കി. പി.സി ജോർജ് ക്രൈസ്തവ സമുദായത്തിന്റെ ചാമ്പ്യനാകേണ്ടെന്നും ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നുമായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസിന്റെ പ്രതികരണം.
'ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല.' - യൂഹാനോൻ മാർ മിലിത്തിയോസ് ചൂണ്ടിക്കാട്ടി.
നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ പറഞ്ഞു. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘപരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിദ്വേഷക്കേസിൽ ജാമ്യത്തിലിറങ്ങിയ പി.സി ജോർജ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെത്തി. തന്നെ വർഗീയവാദിയാക്കി അറസ്റ്റു ചെയ്തതിനും തുടർന്നുള്ള നടപടിക്കും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിമിനൽ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോർജ്.