വിവാദ കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് മാത്യു കുഴൽനാടന്റെ കത്ത്

കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതിയിൽ ഡൽഹി പൊലീസ് നടപടി തുടങ്ങി

Update: 2022-08-21 07:20 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: വിവാദ കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സ്പീക്കർക്ക് കത്ത് നൽകി. ജലീൽ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

അതേസമയം, കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതിയിൽ ഡൽഹി പൊലീസ് നടപടി തുടങ്ങി. ഡൽഹി പൊലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് അന്വേഷിക്കുക.നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എഫ്.ഐ.ആർ ഇടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ ടി ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.

പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീർ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാൽ കെ.ടി ജലീൽ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മുകശ്മീർ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകശ്മീർ എന്നും പറഞ്ഞിരിന്നു. ജലീലിൻറെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

കശ്മീരിനെ കുറിച്ചുളള പോസ്റ്റ് വിവാദമായതോടെ കെ.ടി ജലീൽ പിൻവലിച്ചിരുന്നു. സിപിഎം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. എന്നാൽ പോസ്റ്റ് വിവാദമായതോടെ വിശദീകരണമായി ജലീൽ രംഗത്തെത്തിയിരുന്നു. ഡബിൾ ഇൻവട്ടർഡ് കോമയിൽ ആസാദ് കശ്മീർ എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസിലാകാത്തവരോട് സഹതാപം മാത്രം എന്നതായിരിന്നു ജലീലിന്റെ ന്യായീകരണം. എന്നാൽ അതിട്ട് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ് പിൻവലിക്കുന്നതായി ജലീൽ ഫെയ്സ്ബുക്കിൽ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് കൊണ്ട് പോസ്റ്റ് പിൻവലിക്കുന്നതായാണ് ജലീൽ അറിയിച്ചത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News