'എന്‍റെ പൈസയ്ക്ക് അയിത്തമില്ല; എനിക്ക് അയിത്തം കല്‍പിക്കുന്നു'-ക്ഷേത്ര ചടങ്ങിൽ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണന്‍
'പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം എനിക്ക് തരാതെ നിലത്ത് വച്ചു'
കോട്ടയം: ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. ചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. അതേ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നും മന്ത്രി വെളിപ്പെടുത്തി.
കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് ക്ഷേത്രത്തിന്റെ പേരും സ്ഥലവുമൊന്നും വെളിപ്പെടുത്താതെ മന്ത്രിയുടെ തുറന്നുപറച്ചിൽ. ''ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാൻ എന്റെ നേർക്കുകൊണ്ടുവരികയാണെന്നാണ് കരുതിയത്. എന്നാൽ, എന്റെ കൈയിൽ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിന്നു.''-മന്ത്രി പറഞ്ഞു.
''പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് താൻ കരുതിയത്. എന്നാൽ, എനിക്കു തരാതെ അതു നിലത്ത് വച്ചു. അത് എടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പോയ് പണിനോക്കാൻ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയിൽ വച്ചു തന്നെ അതിനെതിരെ ഞാൻ പ്രസംഗിക്കുകയും ചെയ്തു. ഞാൻ തരുന്ന പൈസക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപിക്കുന്നു.''
ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. നമ്മൾക്ക് അയിത്തമുണ്ട്. ആ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇതെല്ലാം താൻ തുറന്നടിച്ചെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
Summary: Minister K Radhakrishnan reveals about cast discrimination he faced in a temple function