'ഗവർണറുടേത് സങ്കുചിത താൽപര്യത്തോടെയുള്ള ഫത്‌വ'; മന്ത്രി ആർ.ബിന്ദു

'ആർ.എസ്.എസിനോട് കൂടിയാലോചിച്ചാണ് കേരളത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കുന്നത്'

Update: 2022-10-24 06:55 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിസിമാരോട് രാജിവെക്കാനുള്ള ഗവർണറുടെ നിർദേശം ഫത്‌വയെന്ന് മന്ത്രി ആർ ബിന്ദു. സങ്കുചിതമായ രാഷ്ട്രീയ ലാക്കോടെയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചാൻസ്‌ലർ ഫത്‌വ പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.

'ആർ.എസ്.എസിനോട് കൂടിയാലോചിച്ചാണ് കേരളത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കുന്നത്'. ഉന്നത വിദ്യാഭ്യാസ മികവിന്റെ പാതയിലാണ്. സർവകലാശാലകൾക്ക് നല്ല ഗ്രേഡുകൾ ലഭിച്ച സമയമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയെ അസ്ഥിരപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സർവകലാശാലകളെ നാഥനില്ലാതാക്കാൻ ശ്രമമാണ് ഗവർണർ നടത്തുന്നത്. ഇത് ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കും. ചാൻസലർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിച്ചിരിക്കുകയാണ്. പദവിയോട് ഉള്ള ആദരവ് ഉൾക്കൊണ്ടാണ് ചാൻസലറോട് പെരുമാറിയിട്ടുളളത്. യോഗ്യതയുള്ള വി.സിമാരെ തുരത്തി ഓടിക്കാനാണ് ശ്രമിക്കുന്നത്'. ഗവർണറുടെ നിലപാട് ഖേദകരമാണെന്നും ആർ. ബിന്ദു പറഞ്ഞു.

'സംഘപരിവാർ പ്രതിനിധികളെ സർവകലാശാല തലപ്പത്ത് ഇരുത്തി മതേതരത്വം തകർക്കാൻ ആണ് നീക്കമെങ്കിൽ അതിനെ ചെറുക്കും. ഇനിയും സംസാരിക്കാതിരുന്നാൽ ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാകും. പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുകയാണ്. ഗവർണറുടെ പ്രസ്താവന കേരളത്തെ അവഹേളിക്കുന്നതാണ്. കെ.ടി.യു വി സി നിയമനത്തിൽ പുനപ്പരിശോധന ഹരജി നൽകുന്നത് വരെ സർവകലാശാല അനാഥമാകരുത്. അതിനാലാണ് പകരം ചുമതലയ്ക്ക് പേര് നിർദേശിച്ചത്. ഗവർണറുടേത് വൈര നിര്യാതന ബുദ്ധിയോടെയുള്ള നീക്കമാണ്. ഗവർണർക്ക് താൽപര്യമെങ്കിൽ ചർച്ചക്ക് സർക്കാർ തയ്യാറാണ്'. എല്ലാവരെയും അപമാനിക്കുമ്പോൾ മാനാഭിമാനമുള്ളവർക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കുമോയെന്നും ആർ.ബിന്ദു ചോദിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News