'ആർക്കും ക്ലാസ്സ് എടുക്കുന്നില്ല, മതസൗഹാർദം നിലനിർത്താൻ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും'; മന്ത്രി വി.അബ്ദുറഹ്മാൻ
"കേരളത്തിൽ മതസൗഹാർദ്ദം പുലർത്തുന്ന കാര്യത്തിൽ വലിയ ത്യാഗം സഹിച്ചവരാണ് സമസ്തയുടെ മുൻകാല നേതാക്കൾ"
മതസൗഹാർദ്ദം നിലനിർത്താൻ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. മതസൗഹാർദ്ദം തകർക്കുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലെന്നും അതിനെ എതിർക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
"ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം ആരംഭിക്കുമ്പോൾ സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ ആണ് കയ്യിലുണ്ടായിരുന്നത്. കേരളത്തിലെ ഒരു ദിനപത്രം ധൈര്യമായി അവരുടെ നിലപാട് എഴുതിയ മുഖപ്പത്രം ആയിരുന്നു അത്. മണിപ്പൂരടക്കം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പിന്നീട് സംസാരിച്ചു. അതിന് ശേഷം കേരളത്തിൽ ന്യൂനപക്ഷങ്ങളോട് സർക്കാരിനുള്ള നിലപാട് സംസാരിക്കവേ കേരളത്തിൽ ഒന്നിച്ചു നിൽക്കലാണ് വേണ്ടതെന്നാണ് പറഞ്ഞത്.
കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന രീതിയിൽ ആരും പ്രസ്താവന നടത്തരുത് എന്നായിരുന്നു വാക്കുകൾ. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ മിഷനറിയിൽ പെട്ട ചില ആളുകളും ഇത്തരത്തിലെ ചില പ്രസ്താവനകൾ നടത്തിയപ്പോൾ മറുപടി നൽകിയിരുന്നു. അത്തരം പ്രസ്താവനകൾ അനുവദിക്കാൻ കഴിയുന്നതല്ല.
കേരളം പോലെ ന്യൂനപക്ഷങ്ങൾക്ക് ഇത്രയും സ്വാതന്ത്യത്തോടെ ജീവിക്കാൻ കഴിയുന്ന മറ്റേത് സംസ്ഥാനമാണ് ഇന്ത്യയിലുള്ളത്. എന്തു വില കൊടുത്തും കേരളത്തിലെ മതസൗഹാർദ്ദം നിലനിർത്താൻ ബാധ്യത്ഥരാണ് ഞങ്ങളൊക്കെ. അതുകൊണ്ടു തന്നെ അത് പറഞ്ഞുകൊണ്ടേയിരിക്കും. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. മുപ്പത് മിനിറ്റുള്ള പ്രസംഗത്തിലെ മുപ്പത് സെക്കൻഡ് എടുത്ത് വിവാദമാക്കേണ്ട കാര്യമില്ല.
പ്രസ്താവനയെ നല്ല അർഥത്തോട് കൂടി സമസ്ത കാണുമെന്നാണ് വിശ്വാസം. കാരണം, കേരളത്തിൽ മതസൗഹാർദ്ദം പുലർത്തുന്ന കാര്യത്തിൽ വലിയ ത്യാഗം സഹിച്ചവരാണ് സമസ്തയുടെ മുൻകാല നേതാക്കൾ. അവരടങ്ങുന്ന വലിയ വിഭാഗമാണ് ഇന്ന് കേരളത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിച്ചത്. ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം. ഒന്നിച്ചു നിൽക്കുക എന്നതാണ് പ്രധാനം". മന്ത്രി പറഞ്ഞു.
മുസ്‌ലിംകൾ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രസ്താവനയ്ക്ക് ഇന്നലെ തന്നെ മന്ത്രി മറുപടി നൽകിയിരുന്നു. ഇദ്ദേഹത്തെ ജയിലിലടയ്ക്കണമെന്നാണ് മന്ത്രി പറഞ്ഞത്. പിന്നാലെ ഇന്ന് മന്ത്രിക്കെതിരെ ഹമീദ് ഫൈസി രംഗത്തു വന്നു. മതേതരത്വവും മതസൗഹാർദവും മന്ത്രിയിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ലെന്നായിരുന്നു ഹമീദ് ഫൈസിയുടെ പ്രസ്താവന.