ഭക്ഷ്യവിഷബാധ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി
കാഞ്ഞങ്ങാടാണ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചത്. 31 പേർ ചികിത്സയിലാണ്
തിരുവനന്തപുരം: കാസർകോട് ഷവർമ കഴിച്ച് വിഷബാധയേറ്റ് വിദ്യാർഥിനി മരിക്കുകയും നിരവധിപേർക്ക് അസുഖം ബാധിച്ചതുമായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിർദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ വിഷബാധയുണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വിൽപ്പന നേരത്തെയും ഉണ്ടായിരുന്നുവെന്നും ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കാഞ്ഞങ്ങാടാണ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചത്. 31 പേർ ചികിത്സയിലാണ്. ചെറുവത്തൂർ സ്വദേശിയായ വിദ്യാർഥിനി ദേവാനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നത്.ഈ കട അടച്ചുപൂട്ടിയിരിക്കുകയാണ്. പൊലീസും ആരോഗ്യവകുപ്പും വിശദ പരിശോധന നടത്തുകയാണ്. ഭക്ഷണ സാമ്പിളുകൾ പരിശോധനക്ക് അയക്കും. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് മൂലമാണ് വിഷബാധയുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ലെന്നാണ് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.വി പ്രമീള അറിയിക്കുന്നത്. എന്നാൽ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നും അവർ അറിയിച്ചു. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
minister Veena George has ordered an inquiry on Food poisoning