സുള്ള്യയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ 19കാരൻ മരിച്ചു; എട്ടുപേർ അറസ്റ്റിൽ
മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ് ആണ് മരിച്ചത്
കാസര്‍കോട്: സുള്ള്യയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ കാസർകോട് സ്വദേശി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ്(19) ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിൽ, സുധീർ, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മസൂദ് ഒരു മാസമായി കൂലിപ്പണിക്കായി കർണാടക സുള്ള്യയിലെ കളഞ്ചയിലെ മുത്തച്ഛൻ അബ്ദു മുക്രിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സുധീറും കൊല്ലപ്പെട്ട മശൂദും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ആ വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് മസൂദിനെ സുഹൃത്ത് ഇബ്രാഹിം വഴി വിഷ്ണുനഗരി എന്ന സ്ഥലത്തെ കടയ്ക്ക് സമീപത്തേക്ക് വിളിപ്പിച്ചു. ഇവിടെവച്ച് എട്ടംഗസംഘം മസൂദിനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു.
അഭിലാഷ് സോഡ കുപ്പി കൊണ്ട് മസൂദിന്റെ തലയ്ക്ക് അടിച്ചു. ഇതോടെ മസൂദും ഇബ്രാഹീമും രണ്ട് വഴിക്കോടി. മസൂദിനെ സംഘം പിന്തുടർന്ന് മർദിച്ചതായി പൊലീസ് പറയുന്നു. പുലർച്ചെ 1.30ഓടെ സമീപത്തെ കിണറിനടുത്ത് മസൂദിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു. പിന്നീട് മംഗളൂരു ഫാസ്റ്റ് ന്യൂറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
Summary: A 19-year-old native of Kasaragod, who was attacked by a mob in Sullia, Karnataka, dies in hospital