സംസ്ഥാനത്ത്‌ കാലവർഷം ഇന്നെത്തിയേക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തെക്കൻ കേരള തീരത്ത് നിന്നും ലക്ഷദ്വീപ് തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Update: 2024-05-30 02:21 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും. ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായാണ് നിലവിലെ മഴ. അടുത്ത ആറ് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും.

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തെക്കൻ കേരള തീരത്ത് നിന്നും ലക്ഷദ്വീപ് തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. ചാല, പഴവങ്ങാടി, വട്ടിയൂർക്കാവ് പ്രദേശങ്ങളിൽ കയറിയ വെള്ളം ജനജീവിതത്തെ സാരമായി ബാധിച്ചു. വീടുകളിലടക്കം വെള്ളം കയറിയതോടെ നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 

മഴ കനത്തതോടെ എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. കളമശ്ശേരി, തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളിൽ നിരവധി പേരെ മാറ്റി പാർപ്പിച്ചു. അടിയന്തര സാഹചര്യത്തിൽ ജില്ലാകളക്ടർ വില്ലേജ് ഓഫീസർമാരുടെയും തഹസിൽദാർമാരുടെയും യോഗം വിളിച്ചു.  കളമശ്ശേരി, മൂലേപാടം തുടങ്ങിയ പ്രദേശത്ത് വീടുകളിലേക്ക് വ്യാപകമായി വെള്ളം കയറി. രാത്രി ഏറെ വൈകിയും വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മഴ കനത്തതോടെ കുന്നത്തുനാട് പട്ടിമറ്റത്ത് കോട്ടമല എസ്റ്റേറ്റിന്റെ 30 അടിയോളം ഉയരമുള്ള കോൺക്രീറ്റ് മതിൽ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു.

തൃശൂർ കാരവാക്കടപ്പുറത്ത് കടലാക്രമം രൂക്ഷമായി. തുടർച്ചയായി രണ്ടാം ദിവസവും വീടുകളിൽ വെള്ളം കയറി. മഴക്കാലം തുടങ്ങും മുൻപേ കടലാക്രമണം രൂക്ഷമായതിന്റെ ആശങ്കയിലാണ് തീരപ്രദേശത്ത് താമസിക്കുന്നവർ.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News