'പഠോ പർദേശ്' പദ്ധതി: വായ്പയെടുത്തവരിൽ ഭൂരിഭാഗവും ക്രൈസ്തവ വിദ്യാർഥികൾ; കേന്ദ്രമന്ത്രി ജോർജ് കുര്യൻ
'ഇപ്പോൾ 20 ലക്ഷം രൂപയുടേയും പലിശ മന്ത്രാലയം തന്നെയാണ് ബാങ്കുകൾക്ക് കൊടുക്കുന്നത്. ആ തുക 30 ലക്ഷം വരെയൊക്കെ കൂട്ടി വിദ്യാർഥികൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്'.
പാലാ: വിദേശത്തേക്ക് പഠിക്കാൻ പോവുന്ന വിദ്യാർഥികൾക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ നൽകുന്ന കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ക്രൈസ്തവരെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ ജോർജ് കുര്യൻ. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ 'പഠോ പർദേശ്' എന്ന പദ്ധതിയെക്കുറിച്ചാണ് മന്ത്രിയുടെ പ്രതികരണം. പാലായിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ്. തോമസ് കോളജും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ 'സമുദായ ശാക്തീകരണം' എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
'പലിശയില്ലാതെ 20 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണത്. ഇതുപ്രകാരം വായ്പയെടുത്തിരിക്കുന്ന 50 ശതമാനം വിദ്യാർഥികളും കേരളത്തിൽ നിന്നാണ്. അതിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ സമുദായത്തിൽനിന്നാണ്. 20 ലക്ഷം രൂപ പോരാ എന്ന ആവശ്യം ചിലരുന്നയിച്ചു. ഇതിനിടെ, ആ പണമെടുത്ത് ചിലർ മറ്റു പല പരിപാടികൾക്കും ഉപയോഗിക്കുന്നു എന്ന പരാതിയും വന്നു. അതുകൊണ്ട് ആ പദ്ധതി പുതിയ രീതിയിൽ പുനരാവിഷ്‌കരിക്കാനാണ് തീരുമാനം'- മന്ത്രി പറഞ്ഞു.
'20 ലക്ഷം രൂപ പലിശയില്ലാതെ നൽകും. ബാക്കി കുറച്ചു പണം (എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല) വളരെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകൾ കൊടുക്കും. ഇപ്പോൾ, 20 ലക്ഷം രൂപയുടേയും പലിശ മന്ത്രാലയം തന്നെയാണ് ബാങ്കുകൾക്ക് കൊടുക്കുന്നത്. ആ തുക 30 ലക്ഷം വരെയൊക്കെ കൂട്ടി വിദ്യാർഥികൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഡിസംബറിൽ കേരളത്തിൽവച്ച് അതിന്റെയൊരു സമ്മേളനം നടത്താൻ ആലോചിക്കുന്നുണ്ട്. ഇങ്ങനെയുള്ള യുവാക്കളെ സംഘടിപ്പിച്ച് അതിനായുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. അടിസ്ഥാന വികസന രംഗത്തുള്ള പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്'- മന്ത്രി കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുവതലമുറ വീടുകളും ഭൂമിയും ഉപേക്ഷിച്ച് വിദേശത്തേക്കു പോയാൽ വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവുമെന്നും ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. 'ജനസംഖ്യ കുറയുന്ന ഈയവസരത്തിൽ ബുദ്ധിപരമായ ഇടപെടലാണ് ആവശ്യം. ഈ സമുദായം സമൂഹത്തിന് മുഴുവൻ ആവശ്യമാണെന്ന് മറ്റുള്ളവർക്ക് മുഴുവൻ തോന്നുവിധത്തിലുള്ള ഇടപെടൽ വേണം. അതിന്റെയടിസ്ഥാനത്തിൽ മാത്രമേ അധികാരത്തിന്റെ ശക്തികേന്ദ്രങ്ങളെ നമുക്ക് സ്വാധീനിക്കാനാവൂ'.
'നമ്മുടെ യുവതലമുറ വിദേശത്തേക്കു പോവുന്നതിലൂടെ വീടുകളും ഭൂമിയും അന്യാധീനപ്പെടുന്നു. അത് സംരക്ഷിക്കാനുള്ള ചിന്ത ഈ സഭയുടെ നേതൃത്വത്തിനുണ്ടാവണം. അല്ലെങ്കിൽ അനഭിമതമായ അധിനിവേശം ഉണ്ടാവും. അവരെ ഉപദേശിക്കണം. ഒന്നുകിൽ അവരുടെ സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ കൊടുക്കുക. അല്ലെങ്കിൽ പാവപ്പെട്ടവർക്ക് കൊടുക്കുക. അതുമല്ലെങ്കിൽ അതേറ്റെടുക്കാനുള്ള സംവിധാനം സഭയുണ്ടാക്കിയില്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവും. അതിലൂടെ സഭയുടെ അടിത്തറ തകരും. പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയുണ്ടാവും'- മന്ത്രി അവകാശപ്പെട്ടു.