കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടിമരിച്ച നിലയിൽ
കടുക്കാംകുന്ന് പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്
പാലക്കാട്: മലമ്പുഴയിൽ കടുക്കാംകുന്ന് പാലത്തിന് സമീപം അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറാട് സ്വദേശികളായ റഷീദ (46) മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്.
കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനുമാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം നടന്നതെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.
2022 ലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 23 കാരനായ ബാബുവിനെ ദൗത്യസംഘം രക്ഷിക്കുന്നത്. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മല കയറിയത്. ഉയരത്തില്‍ നിന്ന് 400 മീറ്ററും തറനിരപ്പില്‍ നിന്ന് 600 മീറ്ററിനും ഇടയിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്.
മൊബൈല്‍ ഫോണില്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബാബു താന്‍ കുടുങ്ങിയ കാര്യം വിളിച്ചറിയിച്ചു. നാട്ടുകാരും പൊലീസുമുൾപ്പടെ സൈന്യവുമെത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.