എം.ആർ അജിത് കുമാറിന് ക്രമസമാധാന ചുമതല
സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള ബന്ധത്തെ തുടർന്ന് അജിത് കുമാറിനെ വിജിലൻസ് തലപ്പത്തുനിന്ന് മാറ്റിയിരുന്നു.
തിരുവനന്തപുരം: എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി സർക്കാർ നിയമിച്ചു. വിജയ് സാഖറെ എൻ.ഐ.എയിലേക്ക് പോകുന്ന ഒഴിവിലേക്കാണ് നിയമനം. സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള അജിത് കുമാറിന്റെ ബന്ധം വിവാദമായിരുന്നു. തുടർന്ന് വിജിലൻസ് തലപ്പത്ത് നിന്നും അജിത് കുമാറിനെ മാറ്റിയിരുന്നു.
രഹസ്യമൊഴി പിൻവലിപ്പിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്‌സാപ്പിൽ വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാർ ഒട്ടേറെത്തവണ വിളിച്ചുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ആരോപിച്ചിരുന്നു. അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെയാണ് അദ്ദേഹത്തെ വിജിലൻസ് തലപ്പത്ത് നിന്ന് മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നാണ് വിവരം.
നേരത്തെ അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് സാഖറെ എൻ.ഐ.എയിലേക്ക് പോയത്. എൻ.ഐ.എയിൽ ഐ.ജിയായാണ് അദ്ദേഹത്തിന്റെ നിയമനം. നേരത്തെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷൻ ചോദിച്ചതെങ്കിലും എൻ.ഐ.എയിലേക്ക് നൽകുകയായിരുന്നു.