മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് താഴാതെ മുല്ലപ്പെരിയാര്‍
138.95 അടിയാണ് നിലവിലെ ജലനിരപ്പ്. പെരിയാറിൽ ജലനിരപ്പ് അര അടി ഉയർന്നു
മുല്ലപ്പെരിയാർ അണക്കെട്ടില്‍ നിന്ന് കൂടുതൽ ജലം ഒഴുക്കുന്നു. മൂന്ന് ഷട്ടറുകളും 70 സെന്‍റിമീറ്ററിലേക്ക് ഉയർത്തിയിട്ടും ഡാമിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. പെരിയാറിൽ ജലനിരപ്പ് അര അടി ഉയർന്നു.
മുല്ലപ്പെരിയാർ ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകളിലൂടെ ഇപ്പോള്‍ ഒഴുകുന്നത് 1675 ഘനയടി വെള്ളം. ഇന്നലെ ഇത് 844 ഘനയടിയായിരുന്നു. മൂന്ന് ഷട്ടറുകള്‍ തുറന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കേരളത്തിന്‍റെ ആവശ്യം പരിഗണിച്ച് തമിഴ്നാട് ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തിയത്. രാവിലെ 11 മണിയോടെ ഷട്ടറുകൾ 30 സെന്‍റിമീറ്ററിൽ നിന്ന് എഴുപത് സെന്‍റിമീറ്ററിലേക്ക് ഉയർത്തി. ഇതോടെ 831 ഘനയടി ജലം കൂടി അധികം ഒഴുക്കാനായി. ആശങ്ക വേണ്ടെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് റൂള്‍കർവ് പ്രകാരം 138 അടിയിൽ നിലനിർത്താനാണ് ശ്രമം. ഡാമിന്‍റെ വൃഷ്ടിപ്രദശത്ത് മഴ തുടരുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതൽ ജലമൊഴുക്കുന്നെങ്കിലും ഇടുക്കി ഡാമിൽ ആശങ്കയില്ല. ഇടുക്കിയില്‍ ജലനിരപ്പ് നേരിയ തോതില്‍ ഇന്ന് കുറഞ്ഞു. 2398.24 അടിയിലേക്കാണ് ജലനിരപ്പ് താഴ്ന്നത്. ഇന്നലെ ഇത് 2398.30 അടിയായിരുന്നു. ഡാം തുറക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.