''ചേച്ചീടെ താലിച്ചരട് കണ്ടിട്ടാണ് തിരിച്ചറിയുന്നത്, അനിയനെയും പെങ്ങളെയും അളിയനെയും ഇതുവരെ കണ്ടെത്തിയിട്ടില്ല''

ദുരന്തം നടക്കുന്ന അമ്മയും അച്ഛനും അനിയന്‍മാരുമുണ്ടായിരുന്നു

Update: 2024-08-01 01:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: കേരളത്തിന്‍റെ നെഞ്ചുപൊള്ളിച്ചുകൊണ്ടിരിക്കുകയാണ് മുണ്ടക്കൈ.ഉറ്റവരെ നഷ്ടപ്പെട്ടവരെ എങ്ങനെ ആശ്വസിപ്പിക്കണം...എല്ലാം നഷ്ടമായവരോട് എന്തു പറയണം...ഉരുള്‍ കവര്‍ന്നെടുത്ത പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ ഹൃദയവേദനയില്‍ കഴിയുന്നവര്‍...നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി സമാധാനത്തോടെ ഉറങ്ങാന്‍ കിടന്നവരാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. വലിയൊരു ദുരന്തം തങ്ങളുടെ നാടിനെ അപ്പാടെ തകര്‍ത്തുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ് വിദേശത്തും മറ്റുമായി ജോലി ചെയ്യുന്നവര്‍ നാട്ടിലെത്തിയത്. പലര്‍ക്കും പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണാന്‍ പോലും സാധിച്ചില്ല. ദുരന്തത്തില്‍ വീടും അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ് ചെന്നൈയില്‍ ജോലി ചെയ്യുന്ന മുണ്ടക്കൈ സ്വദേശി. സഹോദരിയെയും അച്ഛന്‍റെ അമ്മയെയും അളിയനെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

''പുഞ്ചിരിമട്ടത്താണ് ഞങ്ങളുടെ വീട്...അവിടത്തെ ഏറ്റവും വലിയ വീടായിരുന്നു ഞങ്ങളുടേത്.ഇപ്പോള്‍ ഒന്നുമില്ല വെറും മണ്ണ് മാത്രം. ദുരന്തം നടക്കുന്ന അമ്മയും അച്ഛനും അനിയന്‍മാരുമുണ്ടായിരുന്നു. അനിയന്‍റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ..അവന്‍റെ ഭാര്യ മരിച്ചു. പെങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അച്ഛമ്മയെയും കിട്ടിയില്ല. അച്ഛന്‍റെയും അമ്മയുടെയും മൃതദേഹങ്ങള്‍ കിട്ടി. ഒരനിയനെയും. മൂത്ത അനിയനെയും കാണാനില്ല. ചേച്ചീടെ കാലും കഴുത്തും മാത്രമാണ് കിട്ടിയത്. തല കിട്ടിയില്ല. താലിച്ചരട് കണ്ടിട്ടാണ് എന്‍റെ പെങ്ങളാണെന്ന് തിരിച്ചറിയുന്നത്. സംഭവം നടക്കുമ്പോള്‍ ഞാനിവിടെ ഉണ്ടായിരുന്നില്ല. ചെന്നൈയില്‍ നിന്നും വരുവാണ്. അവിടെയാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ അനിയന്‍ ഗള്‍ഫിലാണ്. അവനും ഇവിടെയുണ്ട്. അളിയനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബോഡിയൊക്കെ കാണുമ്പോള്‍ തലകറക്കം വരാണ്.

അടുത്തടുത്ത് വീടുകളുള്ള പ്രദേശമാണ് ഞങ്ങളുടേത്..ഇപ്പോ അവിടെ ഒരു വീടുമില്ല. എന്‍റെ വീടിന്‍റെ തൊട്ടടുത്ത് ഒരു റിസോര്‍ട്ടുണ്ടായിരുന്നു. അതൊന്നും ഇപ്പോഴില്ല. ഞാന്‍ വരുന്നതിനു മുന്‍പ് തന്നെ അമ്മയുടെയും അച്ഛന്‍റെയും അനിയന്‍റെയും ദേഹം സംസ്കരിച്ചിരുന്നു. ഞാന്‍ ആരെയും കണ്ടിട്ടില്ല. എന്‍റെ പെങ്ങടെ കുട്ടി മാത്രം ജീവനോടുണ്ട്...''നാട്ടുകാരന്‍ പറഞ്ഞു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News