മൂന്നാം സീറ്റെന്ന ആവശ്യത്തിലുറച്ച് ലീഗ്; അഞ്ചാം തീയതി വീണ്ടും ചർച്ച
വയനാട്, കണ്ണൂർ, വടകര സീറ്റുകളിൽ ഏതെങ്കിലും ഒന്നാണ് ലീഗ് ഉന്നമിടുന്നത്.
Update: 2024-01-31 14:25 GMT
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന നിലപാടിലുറച്ച് മുസ്‌ലിം ലീഗ്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ലീഗ് മൂന്നാം സീറ്റെന്ന ആവശ്യമുന്നയിച്ചത്. കോൺഗ്രസ് നേതൃത്വം ആവശ്യം തള്ളിയിട്ടില്ല. അഞ്ചാം തീയതി വിഷയം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും.
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് വേണമെന്നാണ് ലീഗ് പ്രഥമമായി ഉന്നയിക്കുന്ന ആവശ്യം. രാഹുൽ ഗാന്ധി വയനാട് വരികയാണെങ്കിൽ കണ്ണൂരോ വടകരയോ ആണ് ലീഗ് ആവശ്യപ്പെടുന്നത്. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇനി മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കണ്ണൂർ ലഭിച്ചില്ലെങ്കിൽ വടകരയാണ് ലീഗ് നോട്ടമിടുന്നത്.