'രാഹുൽ ഗാന്ധിക്കെതിരായ നടപടി ദൗർഭാഗ്യകരം': കോൺഗ്രസിനൊപ്പമെന്ന് ലീഗ്

നടപടി ദൗർഭാഗ്യകരമാണെന്നും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ

Update: 2023-03-24 11:09 GMT
Advertising

ജനാധിപത്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന് മുസ്‍ലിം ലീഗ് .രാഹുൽ ഗാന്ധിക്കെതിരായ നടപടി ദൗർഭാഗ്യകരമാണെന്നും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു .

Full View

കോടതി വിധിയും തുടർന്നുണ്ടായ നടപടിയും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ജനാധിപത്യം അപകടത്തിലെന്ന് എല്ലാവർക്കും മനസ്സിലായെന്നും വിഷയത്തിൽ എൽഡിഎഫ്-യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിക്കെതിരായ പ്രതികാര നടപടികളിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നായിരുന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത അസാധാരണ നടപടിയാണ് ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിനെതിരെ സർക്കാർ പ്രയോഗിക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും വീണ്ടും ജനവിരുദ്ധത തെളിയിക്കുകയാണെന്നും പി.എം.എ സലാം പറഞ്ഞു.

മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം ശിക്ഷിച്ചതോടെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയത്. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക.

ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News