സൈലന്റ്‌വാലിയിൽ വനംവകുപ്പ് വാച്ചറെ കാണാതായതിൽ ദുരൂഹത: 8 ദിവസമായിട്ടും കണ്ടെത്താനായില്ല
മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല
പാലക്കാട്: സൈലന്റ് വാലിയിൽ വനം വകുപ്പ് വാച്ചർ രാജനെ കാണാതായ സംഭവത്തിൽ ദുരൂഹത. എട്ട് ദിവസം പിന്നിട്ടിട്ടും രാജനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. രാജന്റെ മുണ്ടും , ടോർച്ചും ലഭിച്ചത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മെയ് മൂന്നാം തിയ്യതി രാത്രി 8 മണിയോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചർ രാജനെ കാണാതായത്.
മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. രാജനെ വന്യജീവികൾ ആക്രമിച്ചതാകാൻ സാധ്യതയില്ലെന്ന് വൈഡ് ലൈഫ് വാർഡൻ എസ്.വിനോദ് മീഡിയ വണ്ണിനോട് പറഞ്ഞു. വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ടെങ്കിൽ 500 മീറ്റർമുതൽ ഒരുകിലോമീറ്റർ ചുറ്റളവിൽ മാത്രമെ ഇരയെ കൊണ്ടുപോകുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. മൃഗങ്ങൾ രാജനെ ആക്രമിച്ചിരുന്നെങ്കിൽ സംഭവസ്ഥലത്ത് ചോരപ്പാടുകളോ മറ്റുള്ള അടയാളങ്ങളോ അവശേഷിക്കുമായിരുന്നു. രാജനെ കാണാതായ ദിവസം മഴയുണ്ടായിരുന്നെങ്കിലും ശക്തമല്ലായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ, വയനാട്ടിൽ നിന്നെത്തിയ ട്രാക്കേഴ്‌സ്, പോലീസ്, തണ്ടർബോൾട്ട്, വനംവകുപ്പ്, ഡോഗ് സ്‌ക്വാഡ് എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.