ആടുജീവിതത്തിലെ നജീബിന്റെ ചെറുമകൾ മരിച്ചു
നജീബിൻ്റെ മനസിൽ സങ്കടം നിറച്ച് പേരക്കുട്ടിയുടെ വിയോഗം
ആറാട്ടുപുഴ: തൻ്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള ആടുജീവിതം സിനിമ അഭ്രപാളികളിൽ എത്തുന്ന സന്തോഷ നിമിഷത്തിന് സാക്ഷിയാകാൻ ഒരുങ്ങുമ്പോൾ നജീബിൻ്റെ മനസിൽ സങ്കടം നിറച്ച് പേരക്കുട്ടിയുടെ വിയോഗം.
നജീബിൻ്റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിൻ്റെ മകൾ സഫാ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്. ശ്വാസമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച നാലരയോടെയാണ് മരിച്ചത്.
സഫീർ മുബീന ദമ്പതികളുടെ ഏകമകളാണ്. മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയുന്ന സഫീർ ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നജീബിന്റെ ജീവിതം പ്രമേയമാകുന്ന ആടുജീവിതം വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തുന്നത്.