നാർക്കോട്ടിക് ജിഹാദ്: അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ജോർജ് കുര്യൻ അമിത് ഷായ്ക്ക് കത്തയച്ചു

ലൗ ജിഹാദിനെ പോലെ നാർക്കോട്ടിക് ജിഹാ​ദും യാഥാർത്ഥ്യമാണെന്നും അമുസ്‍ലിംകളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് കുര്യൻ

Update: 2021-09-12 14:07 GMT
Editor : ijas
Advertising

കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാ ബിഷപ്പിന്‍റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരിൽ ജിഹാദികളും കോൺ​ഗ്രസ്-സി.പി.എം ഉൾപ്പെടെയുള്ള കപട മതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാർക്കോട്ടിക്ക് ജിഹാ​ദും യാഥാർത്ഥ്യമാണെന്നും അമുസ്‍ലിംകളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയും രംഗത്തുവന്നു. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

അതേ സമയം വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ചു. മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവര്‍.


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News