ദേശീയപാത ടാറിംഗ് വിവാദം; ആരിഫിനെതിരെ നീക്കം കടുപ്പിച്ച് സുധാകരപക്ഷം
നേരത്തെ അന്വേഷിച്ച് തള്ളിയ പരാതി വീണ്ടും ഉയർത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിന് പരാതി നൽകുമെന്നാണ് സൂചന
ദേശീയപാത അരൂർ-ചേർത്തല റീച്ചിലെ പുനർനിർമ്മാണ വിവാദത്തിൽ എ.എം ആരിഫിനെതിരെ നീക്കം കടുപ്പിച്ച് ജി. സുധാകരപക്ഷം. നേരത്തെ അന്വേഷിച്ച് തള്ളിയ പരാതി വീണ്ടും ഉയർത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിന് പരാതി നൽകുമെന്നാണ് സൂചന. സുധാകര വിരുദ്ധ ചേരിയും തള്ളിയതോടെ പാർട്ടിയിൽ എ.എം ആരിഫ് എം.പി പൂർണമായും ഒറ്റപ്പെട്ടു.
മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ ഉന്നം വെച്ചുള്ളതായിരുന്നു ദേശീയപാത പുനർനിർമ്മാണ ക്രമക്കേടിലെ ആരിഫ് എം. പിയുടെ കത്ത്. എന്നാൽ ആലപ്പുഴയിലെ സി.പി.എം നേതൃത്വം പരസ്യമായി രംഗത്ത് എത്തിയതോടെ ഈ നീക്കം ആരിഫിന് തിരിച്ചടിയായി. ജില്ലാ സെക്രട്ടറി ആർ. നാസറും മന്ത്രി സജി ചെറിയാനും ആരിഫിനെതിരെ രംഗത്ത് എത്തിയിരുന്നു. പാർട്ടിയിൽ ഒറ്റപ്പെട്ട ആരിഫ് എം.പിക്കെതിരെ നീക്കം കടുപ്പിക്കുകയാണ് സുധാകരപക്ഷം.
ഒരിക്കൽ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ പരാതി വീണ്ടും ഉയർത്തിയത് നേതൃത്വത്തെ ധരിപ്പിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥികൾക്കൊപ്പം പാർട്ടി അനുമതിയില്ലാതെ പോസ്റ്റർ പ്രദർശിപ്പിച്ചതും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. അമ്പലപ്പുഴയിൽ ജി.സുധാകരനും എച്ച് സലാമും ഒന്നിച്ചുള്ള പോസ്റ്റർ നശിപ്പിച്ച് അതിന് മുകളിൽ ആരിഫിന്‍റെ ചിത്രം പതിപ്പിച്ചത് വിവാദമായിരുന്നു. പാർട്ടി അനുമതിയില്ലാതെ പോസ്റ്റർ അടിച്ചത് തെറ്റായ പ്രവണത ആണെന്ന് ജില്ലാ അവലോകന റിപ്പോർട്ടിലുമുണ്ട്.
ഇതെല്ലാം നേതൃത്വത്തെ ധരിപ്പിക്കാനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം. വരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഈ വിഷയങ്ങൾ ഉന്നയിക്കും. സർക്കാർ വകുപ്പിലെ ക്രമക്കേടിൽ പരാതി ഉന്നയിക്കുമ്പോൾ പാർട്ടിയുമായി ആലോചിക്കണം എന്ന കാര്യത്തിൽ ഭൂരിഭാഗം നേതാക്കൾക്കും എതിരഭിപ്രായമില്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുക എന്നതും ശ്രദ്ധേയമാണ്.