രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം: കെ. സുധാകരൻ
ദേശീയ നേതൃത്വം ചോദിച്ചാൽ കെ.പി.സി.സി അഭിപ്രായമറിയിക്കുമെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂർ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അത് കെ.പി.സി.സി തീരുമാനിക്കേണ്ട കാര്യമല്ല. ദേശീയ നേതൃത്വം ചോദിച്ചാൽ അഭിപ്രായം അറിയിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും കോൺഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കാൻ സുധാകരൻ തയ്യാറായില്ല. അവർക്ക് അവരുടെ അഭിപ്രായം പറയാമെന്നും അതിനോട് താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സുധാകരന്റെ മറുപടി.
ജനുവരി 22-നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി തുടങ്ങിയവർക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.