എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടി പുനഃസംഘടിപ്പിക്കണം: വിദ്യാഭ്യാസ മന്ത്രി
മുഗൾ ചരിത്രം, ആർ.എസ്.എസ് നിരോധനം, ഗാന്ധി വധത്തിൽ ഹിന്ദുത്വ ശക്തികളുടെ പങ്ക് തുടങ്ങിയ ഭാഗങ്ങളാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്.
തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടി പുനഃസംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിലവിൽ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. വ്യക്തമായ കാരണം പറയാതെയാണ് പല ചരിത്രഭാഗങ്ങളും ഒഴിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇത് ഒഴിവാക്കാൻ സാധിക്കില്ല. ആർ.എസ്.എസ് അജണ്ട ബി.ജെ.പി സർക്കാർ പാഠപുസ്തകത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഇത് കേരളം അംഗീകരിക്കില്ല. മുഖ്യമന്ത്രിയും പല ഉന്നത വിദ്യാഭ്യാസ ചിന്തകരും ഇതിനകം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നയം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മുഗൾ ചരിത്രം, ആർ.എസ്.എസ് നിരോധനം, ഗാന്ധി വധത്തിൽ ഹിന്ദുത്വ ശക്തികളുടെ പങ്ക് തുടങ്ങിയ ഭാഗങ്ങളാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ 15 വർഷത്തോളമായി പഠിപ്പിച്ചുകൊണ്ടിരുന്ന പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. പഠനഭാരം കുറയ്ക്കാനാണ് ഇതെന്നാണ് എൻ.സി.ഇ.ആർ.ടി നൽകുന്ന വിശദീകരണം