എൻ.ഐ.എ റെയ്ഡ്; വിതുരയിൽ 3 പേർ കസ്റ്റഡിയിൽ
സംസ്ഥാനത്ത് അമ്പതിലധികം കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ മുതൽ എൻഐഎ റെയ്ഡ് ആരംഭിച്ചിരുന്നു
വിതുരയിൽ എൻഐഎ റെയ്ഡിൽ 3 പേർ കസ്റ്റഡിയിൽ. സുൽഫി, സുൽഫിയുടെ അനിയൻ സുധീർ, ഇവരുടെ ജോലിക്കാരനായ കരമന സ്വദേശി സലിം എന്നിവരെയാണ് കസ്റ്റിഡിയിലെടുത്തത്. ഇവരെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയി.
സംസ്ഥാനത്ത് അമ്പതിലധികം കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ മുതൽ എൻഐഎ റെയ്ഡ് ആരംഭിച്ചിരുന്നു. തിരുവനന്തപുരം ,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് പരിശോധന. പുലർച്ചെ നാലരയോടെയാണ് റെയ്ഡിനായി എൻഐഎ സംഘമെത്തിയത്.
സംഘടനയുടെ രണ്ടാം നിരയിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഇന്ന് റെയ്ഡ് നടന്നത്. മലപ്പുറത്ത് പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മഞ്ചേരിയിലുള്ള സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ വീട്ടിലടക്കം ഏഴിടങ്ങളിലായിരുന്നു റെയ്ഡ്. കോട്ടക്കൽ, കൊണ്ടോട്ടി, വളാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ റെയ്ഡ് നടന്നു.
കണ്ണൂരിൽ സിറ്റി പരിധിയിൽ അഞ്ചിടത്തും റൂറൽ പരിധിയിൽ നാലിടത്തുമാണ് റെയ്ഡ് നടന്നത്. സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പരിശോധനയെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
വയനാട്ടിലും പി.എഫ്.ഐ മുൻ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് എന്നിവിടങ്ങളിലാണ് റെയ്ഡ്.
പത്തനംതിട്ട കുലശേഖരപേട്ടയിലെ പി.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട് ആനക്കുഴിക്കര, പാലേരി, നാദാപുരം എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു. നാദാപുരം വിലാദപുരത്ത് നൗഷാദ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ്. ആനക്കുഴിക്കര റഫീഖ് എന്ന പ്രവർത്തകന്റെ വീട്ടിലും പാലേരിയിൽ കെ. സാദത്ത് മാസ്റ്ററുടെ വീട്ടിലുമാണ് പരിശോധന.
കൊല്ലം ജില്ലയിൽ മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലാണ് റെയ്ഡ്. ചക്കുവള്ളിയിൽ പി.എഫ്.ഐ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിന്റെ വീട്ടിലാണ് റെയ്ഡ്. ഓച്ചിറ സ്വദേശി അൻസാരിയുടെയും കരുനാഗപ്പള്ളി സ്വദേശി ഷമീറിന്റെയും വീടുകളിലും റെയ്ഡ് നടന്നു.
റെയ്ഡിൽ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിട്ടുണ്ട്