വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; എൻ.ഐ.എ വിവരങ്ങൾ ശേഖരിക്കുന്നു

സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ പരിശോധിക്കും

Update: 2022-11-30 06:25 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും(എൻ.ഐ.എ) വിവരങ്ങൾ ശേഖരിക്കുന്നു. സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് എൻഐഎ പരിശോധിക്കും. എന്നാൽ എൻ.ഐ.എ കേരളപൊലീസിനോട് നേരിട്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. പകരം സ്വന്തം നിലക്കാണ് എൻ.ഐ.എ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു.

അതേസമയം,  വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ  അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് വീടുകളിലെത്തി സന്ദർശിച്ചു.

തുറമുഖത്തിനെതിരായ സമരം ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും ശക്തമാക്കിയെങ്കിലും നിലവിൽ വിഴിഞ്ഞത്തെ സാഹചര്യം ശാന്തമാണ്. സാധാരണ രീതിയിലുള്ള പ്രതിഷേധം തുടരാനാണ് സമരസമിതിയുടെ തീരുമാനം. വിശ്വാസികളും മത്സ്യത്തൊഴിലാളികളും പ്രകോപിതരാകരുതെന്ന് ലത്തീൻരൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ സ്ഥലങ്ങൾ ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് സന്ദർശിച്ചേക്കും. വിഴിഞ്ഞത്തെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേകസംഘവും സാഹചര്യങ്ങൾ വിലയിരുത്തും. അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് വേഗത്തിൽ കടക്കില്ല. സംഘർഷ സാധ്യത പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ കൂടുതൽ പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിച്ചിട്ടുണ്ട്. തുറമുഖ നിർമാണം യാഥാർഥ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ഹിന്ദു ഐക്യവേദി നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News