നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: കായംകുളം എം.എസ്.എം കോളജിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത
കോളജിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് സര്‍വകലാശാല
തിരുവനന്തപുരം: എസ്.എഫ്.ഐ മുന് നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കായംകുളം എം എസ് എം കോളേജിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. പ്രാഥമിക പരിശോധനയിൽ കേരള സർവകലാശാലയ്ക്ക് കോളേജ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സൂചന. അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
രണ്ടുദിവസം മുമ്പാണ് കായംകുളം എം. എസ്.എം കോളേജ് സർവകലാശാലക്ക് വിശദീകരണം നൽകുന്നത്. വിശദീകരണം സംബന്ധിച്ച് നിയമോപദേശം തേടാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുക. കോളജ് പ്രിൻസിപ്പലിനെതിരെയോ വകുപ്പ് മേധാവിക്കെതിരെയോ നടപടിക്ക് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ സർവകലാശാലക്ക് നേരിട്ട് നടപടി എടുക്കാൻ സാധിക്കില്ല.അതുകൊണ്ട് തന്നെ ഇരുവർക്കുമെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ശിപാർശ കോളജ് മാനേജർക്ക് സർവകലാശാല നൽകും. നടപടി പൂർത്തിയാക്കി വിവരം നൽകാനും കോളജ് മാനേജ്‌മെന്റിനോട് സർവകലാശാല ആവശ്യപ്പെടും.