നിപ: കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
നിപ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. എട്ട് പഞ്ചായത്തുകളിലാണ് നിയന്ത്രണം. വാർഡ് അടിസ്ഥാനത്തിൽ കണ്ടയ്ന്റമെന്റ് സോൺ പ്രഖ്യാപിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ജനങ്ങളും ജാഗ്രതയിൽ ആണ്.
നിപ മരണം സ്ഥിരീകരിച്ച ആയഞ്ചേരി, മരുതോങ്കര ഗ്രാമപഞ്ചായത്തുകളിലും സമീപത്തെ മറ്റ് അഞ്ച് ഗ്രാമപഞ്ചായത്തുകളിലുമാണ് വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 15 വരെയുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്.
മരുതോങ്കര പഞ്ചായത്തിലെ ഒന്നു മുതൽ 14 വരെയുള്ള വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഈ പഞ്ചായത്തുകളുമായി അതിർത്തി തിരുവള്ളൂർ, കുറ്റ്യാടി, വില്യാപ്പള്ളി, കാവിലും പാറ ഗ്രാമപഞ്ചായത്തുകളിലുമാണ് വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
അതേസമയം, നിപ സ്ഥിതി വിലയിരുത്താന്‍ കോഴിക്കോട് കേന്ദ്ര സംഘം എത്തി. കോഴിക്കോടെത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിലെ ഉദ്യോഗസ്ഥർ സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. പൂനൈയില്‍ നിന്നുള്ള മൊബൈില്‍ ടെസ്റ്റിങ് ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട്ടെത്തും.
നിപ ബാധിതനായ 9 വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവർത്തകരുടെ സാമ്പിള്‍ കൂടി പൂനൈ വൈറോളി ലാബിലേക്ക് അയച്ചിട്ടുണ്ട്. വൈകിട്ട് പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിപ ബാധിതരുമായി സമ്പർക്കമുള്ള 350 പേരുടെ പട്ടിക തയാറാക്കി നിരീക്ഷണം തുടരുന്നാതായി കോഴിക്കോട് ജില്ലാ കലക്ർ അറിയിച്ചു.