സെക്രട്ടറിയേറ്റിൽ ഇനി ഹാജർ പുസ്തകം ഇല്ല; ബയോമെട്രിക് പൂർണ സജ്ജം !
പഞ്ചിങ്ങിന് ശേഷം പുസത്കത്തിലും ഒപ്പിടുകയായിരുന്നു ജീവനക്കാരുടെ പതിവ്
Update: 2024-11-30 11:05 GMT
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഹാജർ പുസ്തകം പൂർണമായി ഒഴിവാക്കി പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണ സജ്ജമായതോടെയാണ് നടപടി.
സെക്രട്ടറിയേറ്റിൽ നേരത്തേ തന്നെ ബയോമെട്രിക് സംവിധാനം തുടങ്ങിയിരുന്നെങ്കിലും പല വകുപ്പുകളിലും ഹാജർ പുസ്തകമുണ്ടായിരുന്നു. പഞ്ചിങ്ങിന് ശേഷം പുസത്കത്തിലും ഒപ്പിടുകയായിരുന്നു ജീവനക്കാരുടെ പതിവ്. ഇതിനാണിപ്പോൾ അവസാനമായിരിക്കുന്നത്.
ശമ്പള സംവിധാനമായ സ്പാർക്കുമായി ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ പൂർണമായും ബന്ധിപ്പിച്ചു കഴിഞ്ഞെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതോടെ ഇനി ഹാജർ, പുസ്തകത്തിൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അതേസമയം സെക്രട്ടറിയേറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തണം.