സംഘർഷ സാധ്യത: സെന്റ് മേരീസ് ബസിലിക്കയിൽ പാതിരാ കുർബാന ഇല്ല

ഇരു വിഭാഗത്തേയും പുറത്തിറക്കി ഇപ്പോള്‍ പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.

Update: 2022-12-24 14:07 GMT
Advertising

കൊച്ചി: കുർബാന തർക്കത്തെ തുടർന്ന് സംഘർഷമുണ്ടായ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ പാതിരാ കുർബാന ഉണ്ടാകില്ല. എ.ഡി.എം വിളിച്ച ചർച്ചയിലാണ് തീരുമാനം.

സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ച് ചേർത്തത്. ഇന്ന് പാതിരാ കുര്‍ബാന നടന്നാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം. വിമത വിഭാഗത്തേയും ഔദ്യോഗിക വിഭാഗത്തേയും വിളിച്ചു ചേര്‍ത്താണ് എ.ഡി.എം ചര്‍ച്ച നടത്തിയത്.

ഇരു വിഭാഗത്തേയും പുറത്തിറക്കി ഇപ്പോള്‍ പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യമില്ല. ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും അഡ്മിനിസ്‌ട്രേറ്ററും പള്ളിയില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്.

ഇരു വിഭാഗവും രാത്രി കുര്‍ബാന അര്‍പ്പിക്കാന്‍ എത്തില്ല. സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസിന് ഉച്ചയോടെ ഇരുവിഭാഗത്തേയും പിരിച്ചുവിടാനായിരുന്നു. വൻ സം​ഘർഷത്തിനാണ് ബസലിക്ക സാക്ഷിയായത്. ‌ജനാഭിമുഖ കുർബാന നടക്കുന്ന അൾത്താരയിലേക്ക് ഒരു വിഭാഗം വിശ്വാസികൾ ഇരച്ചു കയറിയിരുന്നു.

അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു. പൊലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ സൂചകമായിട്ടാണ് ജനാഭിമുഖ കുർബാന നടത്തുന്നത്.

ഇന്നലെ വൈകിട്ടാണ് പ്രതിഷേധം ആരംഭിച്ചത്. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. ജനാഭിമുഖ കുർബാന തടസപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News