'എന്റെ പിഴ, എന്റെ വലിയ പിഴ'; സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് എൻ.എസ് മാധവൻ

സുരേഷ് ഗോപിയെ പ്രശംസിച്ച പഴയ ട്വീറ്റ് പങ്കുവെച്ചായിരുന്നു പ്രതികരണം

Update: 2023-02-20 05:01 GMT
Editor : Lissy P | By : Web Desk
Advertising

നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിയെ പിന്തുണച്ചതിൽ തെറ്റുപറ്റിയെന്ന് എഴുത്തുകാരൻ എൻ.എസ് മാധവൻ. അവിശ്വാസികളുടെ സർവനാശത്തിനായി ശ്രീകോവിലിന്റെ മുന്നിൽ പോയി പ്രാർഥിക്കുമെന്ന സുരേഷ്‌ഗോപിയുടെ പ്രസംഗം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നലെയാണ് സുരേഷ് ഗോപിയെ അഭിനന്ദിച്ച് കൊണ്ട് മുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് എൻ.എസ് മാധവൻ പ്രതികരിച്ചത്.

'എന്റെ പിഴ,എന്റ പിഴ,എന്റെ വലിയ പിഴ' I cringe unconditionally ' എന്ന തലക്കെട്ടോടെയായിരുന്നു എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്. 2021 മെയ് 29 നായിരുന്നു ആ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെ പിന്തുണച്ചതിന് സുരേഷ്‌ഗോപിയെ അഭിനന്ദിച്ചായിരുന്നു മുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

'സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം മികച്ചയാളാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം തിളങ്ങി നിൽക്കുന്നു.  അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പർ താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയില്ല അതും അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ ബിജെപി തന്നെ സൈബർ ആക്രമണവുമായി രംഗത്തെത്തുന്ന സാഹചര്യത്തിൽ. അദ്ദേഹം അധികകാലം ആ വിഷമമായ അന്തരീക്ഷത്തിൽ നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല' എന്നായിരുന്നു അന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞദിവസം ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. 'ലോകത്തെ വിശ്വാസികളായ മനുഷ്യരെ ഞാൻ സ്‌നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്‌നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും..'  വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News