അതിനെ വോട്ടു കച്ചവടമെന്നു വിളിക്കരുത്, ഇത്തരം സമര്‍ത്ഥമായ നീക്കങ്ങളാണ് ജനാധിപത്യത്തിന്റെ സത്ത; വോട്ടുകച്ചവട ചർച്ചകളെക്കുറിച്ച് എൻഎസ് മാധവൻ
'ശക്തനായ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനാകില്ലെന്ന് തോന്നിയാൽ സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്ത സിപിഎം വോട്ടർമാരും കേരളത്തിലുണ്ട്'
തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ടുകച്ചവടമുണ്ടായതായി മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിനു പിറകെ വേറിട്ട നിരീക്ഷണവുമായി എഴുത്തുകാരൻ എൻഎസ് മാധവൻ. ബിജെപി ശക്തമായ ഇടങ്ങളിൽ സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്കു പകരം വിജയ സാധ്യതയുള്ള എതിർ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്ന ശീലം മലയാളിക്കുണ്ടെന്നും അതിനെ വോട്ടു കച്ചവടമെന്നു വിളിച്ച് ആക്ഷേപിക്കരുതെന്നുമാണ് മാധവൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ സത്തയാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
സിപിഎമ്മിനെയും തുല്യമായി ബിജെപിയെയും വെറുക്കുന്ന ഗണ്യമായ വോട്ടർമാർ കേരളത്തിലുണ്ട്. യുഡിഎഫിന്റേത് മികച്ച സ്ഥാനാർത്ഥിയാണെങ്കിൽ അവർ ബിജെപിക്ക് വോട്ട് ചെയ്യില്ല. അതാണ് നേമത്ത് 2016നും 2021നും ഇടയിൽ സംഭവിച്ചത്. സമാനമായി തങ്ങളുടെ സ്ഥാനാർത്ഥിക്ക് ശക്തനായ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനാകില്ലെന്ന് തോന്നിയാൽ സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്ത സിപിഎം വോട്ടർമാരുമുണ്ട്. അതാണ് പാലക്കാട്ടെ കണ്ണാടി പഞ്ചായത്തിൽ സംഭവിച്ചതെന്നും എൻഎസ് മാധവൻ ട്വീറ്റിൽ പറയുന്നു.
Similarly there are CPM voters who won't vote for CPM if they feel their candidate can't beat a formidable BJP candidate. That's what happened in Kannadi panchayat, Palakkad.
— N.S. Madhavan (@NSMlive) May 3, 2021
Don't call such personal choices as 'vote-sale'. These smart moves form the essence of democracy. 2/2
വ്യക്തിപരമായ ഇത്തരം തിരഞ്ഞെടുപ്പുകളെ വോട്ടുകച്ചവടമെന്ന് വിളിക്കരുതെന്നാണ് മാധവൻ പറയുന്നത്. ഇത്തരം സമര്‍ത്ഥമായ നീക്കങ്ങളാണ് ജനാധിപത്യത്തിന്റെ സത്തയാകുന്നതെന്നും അദ്ദേഹം പറയുന്നു.
ഇന്ന് മീറ്റ് ദ പ്രസിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി-കോൺഗ്രസ് വോട്ടുകച്ചവടമുണ്ടായതായി ആരോപണമുന്നയിച്ചത്. പത്തു സീറ്റുകളിൽ വരെ കോൺഗ്രസ് ജയിച്ചത് ബിജെപി വോട്ടുകൊണ്ടാണെന്നും പിണറായി ആരോപിച്ചു.