സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കണക്ക് പ്രസിദ്ധീകരിക്കാതെ ആരോഗ്യവകുപ്പ്
747 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 747 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം എഴുന്നൂറ് കടക്കുന്നത്. പ്രതിദിന കേസുകൾ ഉയർന്നിട്ടും ആരോഗ്യവകുപ്പ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മെയ് 17 മുതൽ 22 വരെ 500ന് മുകളിലാണ് പ്രതിദിനക്കേസുകൾ. കഴിഞ്ഞ മാർച്ച് 23നാണ് കേരളത്തിൽ അവസാനമായി കോവിഡ് 700ലേക്ക് എത്തിയത്. അന്ന് 702 പേർക്കായിരുന്ന രോഗബാധ. ഇന്നലെ മൂന്ന് ജില്ലകളിലാണ് 100ലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. എരണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ടിപിആർ 4ശതമാനമായി.
ഏപ്രിൽ പതിമൂന്ന് മുതൽ കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കോവിഡ് മരണങ്ങൾ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. കണക്ക് പ്രസിദ്ധീകരിക്കാത്ത സംസ്ഥാന സക്കാരിൻറെ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ നാലാം തരംഗത്തിനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. ഇന്നലെ മൂന്ന് ജില്ലകളിലാണ് 100ലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്.