വയോധികന്‍ 12 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി; ഒടുവില്‍ രക്ഷപ്പെട്ടതിങ്ങനെ...
മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി വെച്ചിരുന്നതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ല
Update: 2023-06-28 16:20 GMT
തൃശൂര്‍: കൊടുങ്ങല്ലൂർ നഗരത്തിലെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റിൽ വാച്ച് മാൻ കുടുങ്ങി. 12 മണിക്കൂറിലധികം സമയം ലിഫ്റ്റിൽ അകപ്പെട്ട വയോധികനെ ഓഡിറ്റോറിയം ജീവനക്കാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
കൊടുങ്ങല്ലൂർ ഓക്കെ ഹാളിലായിരുന്നു സംഭവം. വാച്ച്മാനായ കാരൂർ മഠം സ്വദേശി ഭരതൻ ചൊവ്വാഴ്ച്ച രാത്രിയിലാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി വെച്ചിരുന്നതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഇന്ന് രാവിലെ ജോലി സമയം കഴിഞ്ഞിട്ടും ഭരതൻ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞത്. ഉടൻ തന്നെ ഓഡിറ്റോറിയത്തിലെ മറ്റു ജീവനക്കാർ ലിഫ്റ്റ് തുറന്നു. ഇതിനിടെ ഫയർഫോഴ്സും സ്ഥലത്തെത്തി. അവശനിലയിലായ ഭരതന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകി.