ഔദ്യോഗിക ബഹുമതി വേണ്ട, ഉമ്മൻചാണ്ടി നേരത്തെ പറഞ്ഞു; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂർ

തിരുനക്കര മൈതാനിയിലെത്തുന്ന മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

Update: 2023-07-19 08:39 GMT
Editor : banuisahak | By : Web Desk
Advertising

കോട്ടയം: പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കുകാണാൻ കോട്ടയത്തെ തിരുനക്കര മൈതാനിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി. കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ മൃതദേഹം ആദ്യം പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനിയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.

മൈതാനിയിലെത്തുന്ന മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഔദ്യോഗിക ബഹുമതികളില്ലാതെ മതി സംസ്കാരമെന്ന് ഉമ്മൻചാണ്ടി കുടുംബത്തോട് പറഞ്ഞിട്ടുണ്ട്. ഇതിൽ കുടുംബവുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂർ മീഡിയവണിനോട് പറഞ്ഞു.

വിലാപയാത്ര വൈകിട്ട് ഏഴ് മണിക്ക് കോട്ടയത്തെത്തും. വൈകിട്ട് അഞ്ചുമണിയോടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വിലാപയാത്ര പുറപ്പെട്ടത് മുതൽ റോഡരികിൽ വൻ ജനക്കൂട്ടമായിരുന്നു പ്രിയ നേതാവിനെ കാത്തുനിന്നത്. എല്ലാവർക്കും അവസാനമായി കാണാൻ അവസരമുണ്ടാക്കുന്നതിനായി വളരെ പതുക്കെയാണ് വിലാപയാത്ര പോകുന്നത്. 

പ്രിയനേതാവ്, ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകില്ല.. തുടങ്ങി വികാരം അടക്കാനാകാതെ വിതുമ്പുകയാണ് ജനം. ഭൂരിഭാഗം ആളുകൾക്കും എന്തെങ്കിലുമൊരു ഓർമ അദ്ദേഹത്തിനെ കുറിച്ച് പറയാനുണ്ടായിരുന്നു. പ്രിയ നേതാവിനെ കുറിച്ച് പറയുമ്പോൾ കണ്ണീർ നിയന്ത്രിക്കാനാകാതെ പലരും കുഴങ്ങി. മെഴുകുതിരി കത്തിച്ചും പൂക്കളെറിഞ്ഞും ആളുകൾ അദ്ദേഹത്തിന് ആദരമർപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇടമുറിയാതെ എത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി വിഎൻ വാസവനും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. 

രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൌസിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്ന് മണിക്കൂർ കൊണ്ട് 15 കിലോമീറ്റർ ദൂരംമാത്രമാണ് പിന്നിട്ടത്. ഏഴുമണിയോടെ കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രിയിലാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ നേതൃത്വം നൽകും.


Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News