ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്: വി.ഡി സതീശന്‍
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റിലിട്ട് നടക്കുന്ന ധനമന്ത്രി സമ്പൂര്‍ണ പരാജയമാണ്. സർക്കാരിൻ്റെ പിടിപ്പുകേടാണ് ധനപ്രതിസന്ധിക്ക് കാരണം. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് എത്രയെന്ന് വ്യത്യസ്ത കണക്കുകളാണ് പറയുന്നത്.
എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ റിപ്പോർട്ട് എവിടെ പോയെന്നും വി ഡി സതീശൻ ചോദിച്ചു. ഓട പണിയാൻ കാശില്ല, കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈക്കോക്ക് കൊടുക്കാനും പണമില്ല. സംസ്ഥാനം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി. ഇത്രയും ടാക്സ് വെട്ടിപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിയമസഭയില്‍ സതീശന്‍ പറഞ്ഞു. കേന്ദ്ര അവഗണന മാത്രമല്ല സർക്കാരിൻ്റെ പിടിപ്പുകേടും ധനപ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എന്നാല്‍ പ്രതിപ്രക്ഷ നേതാവ് സൂചിപ്പിച്ചത് പോലുള്ള ധന പ്രതിസന്ധി കേരളത്തിലില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മന്ത്രിയുടെ മറുപടി. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്നും അത് സംസ്ഥാനത്തിന്‍റെ വളർച്ചയെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ നടന്ന ചർച്ചയിലാണ് ഇരുവരുടെയും പ്രതികരണം. അടിയന്തരപ്രമേയം തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.