നരബലി: അപമാനഭാരത്താൽ തല കുനിയ്‌ക്കേണ്ട സംഭവം: വി.ഡി സതീശൻ

കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാർട്ടിയുടെ സജീവപ്രവർത്തകനാണ് എന്നതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Update: 2022-10-11 08:22 GMT
Advertising

മലപ്പുറം: ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയത് ഞെട്ടിക്കുന്ന വാർത്തയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നവോഥാനത്തിന്റെ നെറുകയിൽ നിൽക്കുന്നെന്ന് നാം ഊറ്റം കൊള്ളുന്ന കേരളത്തിലാണ് ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തല കുനിക്കേണ്ട സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാർട്ടിയുടെ സജീവപ്രവർത്തകനാണ് എന്നതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ദുർമന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാർത്ത ഉത്തരേന്ത്യയിൽ നിന്നല്ല, നവോഥാനത്തിന്റെ നെറുകയിൽ നിൽക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ നിന്നു തന്നെയാണ്. കേട്ടുകേൾവി മാത്രമായ കുറ്റകൃത്യങ്ങൾ നമ്മുടെ കൺമുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തലകുനിയ്ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്.

ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ ജൂൺ ആറ് മുതൽ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഓഗസ്റ്റ് 17- ന് കാലടി പൊലീസിൽ പരാതിയെത്തി. സെപ്തംബർ 26-ന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസിനെ തുടർന്നാണ് കാര്യമായ അന്വേഷണമുണ്ടായത്. ആദ്യ പരാതിയിൽ തന്നെ ഗൗരവകരമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ മറ്റൊരു ജീവൻ രക്ഷിക്കാമായിരുന്നു. ആഭിചാരത്തിന്റെ പേരിൽ കൂടുതൽ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.

കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു എന്നതും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണം.

ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ദുര്‍മന്ത്രവാദവും...

Posted by V D Satheesan on Tuesday, October 11, 2022

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News