ഓർഡിനൻസ് രാജ്ഭവനിൽ; ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്
''ഓർഡിനൻസ് കാണാതെ ഒപ്പിടില്ലെന്ന് പറയുന്നത് മുൻവിധിയാണ്''
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞെന്ന് കരിതുന്നില്ലെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഓർഡിനൻസ് കാണാതെ ഒപ്പിടില്ലെന്ന് പറയുന്നത് മുൻവിധിയാണ്. ഭരണഘടന അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിദ്യാഭ്യാസ മേഖലക്ക് ഗവർണർ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. പ്രതിപക്ഷത്തേക്കാൾ കൂടുതൽ ഭരണപക്ഷത്തെ എതിർക്കുന്നത് ഗവർണറാണ്. ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതാണ് മര്യാദയെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്‍റെ പ്രതികരണം. അതാണ് ജനാധിപത്യ മര്യാദ. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ അപ്പോൾ ആലോചിക്കാം. ഓർഡിനൻസിന്റെ കാര്യത്തിൽ സർക്കാറിന് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും ആർ. ബിന്ദു പറഞ്ഞു.
കേരളത്തിലെ പതിനാല് സർവ്വകലാശാലകളുടേയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ വേണ്ടിയുള്ള ഓർഡിനൻസിന് കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. മന്ത്രിസഭ ഓർഡിനൻസ് അംഗീകരിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും അത് രാജ്ഭവനിലേക്ക് അയക്കാതിരുന്നതോടെ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഓർഡിനൻസിൽ നിന്നും സർക്കാർ പിന്നോട്ട് പോയെന്നും നിയമസഭയിൽ ബില്ലായി കൊണ്ടുവരുമെന്നുമുള്ള അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് ഇന്ന് രാവിലെ രാജ്ഭവനിലേക്ക് ഓർഡിനൻസ് സർക്കാർ അയച്ചത്. ഓർഡിനൻസിൽ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാർ ഒപ്പിടാനുള്ളത് കൊണ്ടാണ് രാജ്ഭവനിലേക്ക് അയക്കാൻ വൈകിയതെന്നാണ് സർക്കാർ വിശദീകരണം. എന്നാല്‍ ഡല്‍ഹിയിലേക്കു പോയ ഗവര്‍ണർ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിർണായകമാണ്.
സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണറോട് വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിൽ തന്നെയാണ് സിപിഎം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെച്ച് നിയമസഭാ സമ്മേളനം നടത്തുന്നതിന് സർക്കാർ നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കിയുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത സർക്കാർ കാണുന്നില്ല. അത് കൊണ്ട് നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.
ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സമ്മേളനം 15ന് പിരിയാതെ താൽക്കാലികമായി നിർത്തിവെച്ച് ക്രിസ്മസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപന പ്രംസഗത്തിൽ നിന്ന് ഗവർണറെ സർക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാൻ കഴിയും.