'ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡേ ഉള്ളൂ, കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്' ജയസൂര്യക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല എന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.

Update: 2021-12-04 07:41 GMT
Advertising

കേരളത്തിലെ റോഡുകളെ വിമര്‍ശിച്ച നടന്‍ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല എന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.

എന്നാല്‍ കേരളത്തെയും ചിറാപുഞ്ചിയേം തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകൾ എന്താണെന്ന് പഠിക്കുമെന്നും റിയാസ് പറഞ്ഞു.

മഴ ഒരു തടസം തന്നെയാണ്, മഴ തുടർന്നാൽ എന്ത് ചെയ്യണമെന്നാണ് ഭാവിയിൽ പഠിക്കേണ്ടതാണ്. അല്ലാതെ അയ്യോ മഴയെന്ന് പറഞ്ഞ് പ്രയാസപ്പെടുകയല്ല വേണ്ടത്, അതിനെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രസംഗത്തിൽ ഭൂരിഭാഗവും സർക്കാരിനെ അഭിനന്ദിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും റിയാസ് എടുത്തുപറഞ്ഞു.

പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നേരത്തെ നടന്‍റെ വിമർശനം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണിൽ പോകുകയുണ്ടായി. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ് വാഗമൺ. ഓരോ വണ്ടികളും അവിടെ എത്തണമെങ്കിൽ എത്ര മണിക്കൂറുകളാണ്. ഞാൻ അപ്പോൾ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോൾഡിൽ വച്ച് അപ്പോ അതിനുള്ള കാര്യങ്ങൾ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം.

മഴയല്ല, റോഡ് തകരുന്നതിന് കാരണം. അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിൽ റോഡുണ്ടാകില്ല. ഒരുപാട് കാരണങ്ങളുണ്ടാകും. അത് ജനങ്ങളറിയേണ്ട കാര്യമില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും ചിലപ്പോൾ റോഡ് നികുതി അടക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് കിട്ടിയേ തീരൂ.' - അദ്ദേഹം കൂട്ടിച്ചേർത്തു.

മോശം റോഡുകളിൽ വീണു മരിക്കുന്നവർക്ക് ആരു സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു. അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാർക്കാണെന്ന് മന്ത്രി റിയാസ് ആവർത്തിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News