സേവ് സിപിഐ എന്ന പേരിൽ പുതിയ പാർട്ടി; പാലക്കാട് സിപിഐയിൽ വിഭാഗീയത
പാർട്ടിയിൽ നിന്നും നടപടി നേരിട്ടവരാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്
പാലക്കാട്: പാലക്കാട് സിപിഐയിൽ വിഭാഗീയത. സമാന്തര സംഘടന രൂപീകരിച്ച് പാലക്കാട്ടെ സിപിഐ വിമതർ. സേവ് സിപിഐ ഫോറം എന്ന പേരിൽ രൂപീകരിച്ച സംഘടനയിൽ 45 അംഗ കമ്മറ്റിയാണ് ഉള്ളത്. പാർട്ടിയിൽ നിന്നും നടപടി നേരിട്ടവരാണ് സംഘടനക്ക് നേതൃത്വം നൽകുന്നത് .
കഴിഞ്ഞദിവസം സിപിഐ ജില്ലാ നേതൃത്വവുമായി അകന്നുനിൽക്കുന്നവർ ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ ആയിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം . 500 ൽ അധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്
സംശുദ്ധ രാഷ്ട്രീയവും , രാഷ്ട്രീയത്തിലെ അഴിമതയും എന്ന പേരിൽ കഴിഞ്ഞ ദിവസം വിമത വിഭാഗം മണ്ണാർക്കാട് സെമിനാർ സംഘടിപ്പിച്ചിരുന്നു . ഇതിലാണ് സേവ് സിപിഐ സംഘടനയുടെ പ്രഖ്യാപനം നടത്തിയത്. സിപി ഐ ജില്ലാ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നവരും, നടപടി നേരിടുന്നവരുമാണ് വേദിയിൽ ഉണ്ടായിരുന്നത്. പുറത്താക്കിയാൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ മറ്റു പാർട്ടികളിൽ ചേരും എന്നത് വ്യാമോഹമാണ് എന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയെ പഴയ പാർട്ടിയാക്കി മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നും പ്രഖ്യാപനത്തിനിടെ മണ്ണാർക്കാട് മണ്ഡലം മുൻ സെക്രട്ടറിയും, ജില്ല കമ്മിറ്റി അംഗവുമായ പാലോട് മണികണ്ഠൻ പറഞ്ഞു.
ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്. സി പി ഐയുടെ ജില്ലാ നേതൃത്വത്തിനെതിരെ പരിപാടിയിൽ രൂക്ഷ വിമർശനം ഉയർന്നു. പാലക്കാട് സി പി ഐയിൽ നേരത്തെ തന്നെ ശക്തമായ വിഭാഗീയത ഉടലെടുത്തിരുന്നു . മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ കനത്ത വിഭാഗീയത സംസ്ഥാന നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ കൗൺസിൽ അംഗമായിരുന്ന ജോർച്ച് തച്ചമ്പാറ രാജി വെച്ച് ബി ജെ പിയിൽ ചേർന്നിരുന്നു.