കോണ്‍ഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ നേട്ടമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
അധികാരമല്ല, നിലപാടാണ് പ്രധാനമെന്ന സാദിഖലി തങ്ങളുടെ പരാമർശം യു.ഡി.എഫിന് കരുത്ത് പകരും
കോഴിക്കോട്: കോണ്‍ഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ നേട്ടമായി കെ.പി.സി.സിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. അധികാരമല്ല, നിലപാടാണ് പ്രധാനമെന്ന സാദിഖലി തങ്ങളുടെ പരാമർശം യു.ഡി.എഫിന് കരുത്ത് പകരും. സാമുദായിക സംഘടനകളുടെ മുൻനിര നേതാക്കളെ തന്നെ റാലിക്കെത്തിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് നേട്ടമായി.
ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് ഊന്നിപ്പറഞ്ഞായിരുന്നു നേതാക്കളുടെ പ്രസംഗങ്ങൾ. ഹമാസ് വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദത്തില്‍ പെട്ട ശശിതരൂര്‍ എം.പി തന്നെ വേദിയിലെത്തിയത്,ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന സന്ദേശം പകര്‍ന്നു. യു.ഡി.എഫിനോടുള്ള ആഭിമുഖ്യം ഊന്നിപ്പറഞ്ഞുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തെ കരഘോഷത്തോടെയാണ് കോണ്‍ഗ്രസുകാര്‍ എതിരേറ്റത്.
മുസ്‍ലിംലീഗ് ഇടതുപക്ഷത്തോടടുക്കുന്നു എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയുള്ള നേതാക്കളുടെ പ്രസംഗം യു.ഡി.എഫിന് ആവേശം പകരുമെന്നുറപ്പ്. ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍, പി.മുജീബ് റഹ്മാന്‍ തുടങ്ങി, മുസ്‍ലിം സംഘടനകളുടെ മുന്‍നിരനേതാക്കളെ തന്നെ റാലിക്കെത്തിക്കാനായത് കോണ്‍ഗ്രസിന് നേട്ടമാണ്. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം സുശക്തമാണെന്നും യു.ഡി.എഫിന്‍റെ കെട്ടുറപ്പിന് കോട്ടം തട്ടിയില്ലെന്നും എതിരാളികളെ ബോധ്യപ്പെടുത്താന്‍ കോഴിക്കോട് കടപ്പുറത്തെ റാലിയിലൂടെ കോണ്‍ഗ്രസിനായി.