'ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് നാണക്കേട്'; വനിതാ കമ്മീഷൻ
പ്രതി രാഹുലിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ഭർതൃവീട്ടിൽ മർദിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് നാണക്കേടാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.. പൊലീസിന് നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. പൊലീസിനെതിരെ പെൺകുട്ടി ഉന്നയിച്ച ആരോപണം ശരിയാണെന്നും പി.സതീദേവി പറഞ്ഞു.
അതേസമയം, പ്രതി രാഹുലിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി. പ്രതി രാജ്യം വിടുന്നത് തടയുക ലക്ഷ്യം.പ്രതി രാഹുലിന്റെ കുടുംബങ്ങളുടെ മൊഴി ഇന്ന് എടുക്കും. മർദനമേറ്റ യുവതിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും.കേസിന്റെ മേല്‍നോട്ട ചുമതല ഫറോക്ക് എസിപിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ പൊലീസിനെതിരെയുള്ള പരാതിയും അന്വേഷിക്കും. കേസില്‍ പന്തീരങ്കാവ് പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതി ചേർക്കണമെന്ന് യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു.
രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. മുന്‍പ് ഗാര്‍ഹിക പീഡനക്കേസ് മാത്രം എടുത്ത് പരാതി ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നത്. നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ഗാര്‍ഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ് എച്ച്. ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.