"നിയമസംവിധാനത്തിലുള്ള വിശ്വാസത്താലാണ് കോടതിയെ സമീപിച്ചത്, നിരാശയാണ് ഫലം": പിസി വിഷ്‌ണുനാഥ്
മേൽക്കോടതികളെ സമീപിക്കാൻ തന്നെയാണ് തീരുമാനം. ഒപ്പം വിഷയത്തിലെ രാഷ്ട്രീയത കൂടി ജനങ്ങൾക്കിടയിൽ എത്തിച്ചുകൊണ്ടുള്ള പ്രചാരണവും പാർട്ടി നടത്തും
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി അപ്രതീക്ഷിതമെന്ന് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. നിയമസംവിധാനത്തിലുള്ള വിശ്വാസം കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും മേൽക്കോടതികളെ സമീപിക്കാനാണ് തീരുമാനമെന്നും വിഷ്ണുനാഥ് പ്രതികരിച്ചു.
"അപ്രതീക്ഷിതമായി വിധിയാണ് ഉണ്ടായത്. ഒരു രാഷ്ട്രീയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ രണ്ടുവർഷം വരെ ശിക്ഷിക്കുക, പാർലമെന്റ് അംഗത്വം റദ്ദാക്കുക, തൊട്ട് പിന്നാലെ തന്നെ ഔദ്യോഗിക വസതിയൊഴിയാൻ നോട്ടീസ് നൽകുക എന്നതടക്കം അസാധാരണപരമായ കാര്യങ്ങളാണ് ഉണ്ടായത്.
നിയമസംവിധാനത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത്. പക്ഷേ, നിരാശയായിരുന്നു ഫലം. മേൽക്കോടതികളെ സമീപിക്കാൻ തന്നെയാണ് തീരുമാനം. ഒപ്പം വിഷയത്തിലെ രാഷ്ട്രീയത കൂടി ജനങ്ങൾക്കിടയിൽ എത്തിച്ചുകൊണ്ടുള്ള പ്രചാരണവും പാർട്ടി നടത്തും"; വിഷ്ണുനാഥ് പറഞ്ഞു. ലക്ഷദ്വീപ് എംപിയുടെ അയോഗ്യത റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിഷ്ണുനാഥിന്റെ പ്രസ്‌താവന.
മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. സ്റ്റേ ലഭിക്കാത്തതിനാൽ രാഹുൽ അയോഗ്യനായി തന്നെ തുടരും. മൂന്ന് ഹരജികളാണ് രാഹുൽ പ്രധാനമായും സമർപ്പിച്ചിരുന്നത്. കുറ്റക്കാരനാണെന്ന വിധി പൂർണമായും സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ട് ഉപഹരജികളിലെ പ്രധാന ആവശ്യം. ശിക്ഷ അനുഭവിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. ആദ്യദിവസം ഹരജി പരിഗണിച്ചപ്പോൾ തന്നെ ശിക്ഷാ വിധി കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷയുണ്ടാകില്ലെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ സൂറത്ത് കോടതി തയ്യാറായില്ല. രാഹുലിന് ഏറെ നിർണായകമായ ഒരു വിധിയായിരുന്നു സൂറത്ത് കോടതിയുടേത്.