പി.ജി ഡോക്ടര്‍മാരുടെ സമരം; ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി
സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു
പി.ജി ഡോക്ടര്‍മാരുടെ സമരത്തില്‍ പ്രശ്ന പരിഹാരത്തിന് സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി.വൈകീട്ട് പി.ജി ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി രണ്ടരമണിക്കൂറോളം ചർച്ച നടത്തി. വർക്ക് ലോഡ് കുറക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യം പരിഗണിക്കുകയാണ് എന്നും എവിടെയാണ് വര്‍ക്ക് ലോഡ് കൂടുതലെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമരക്കാരോട് സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാമെന്ന് സർക്കാർ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. സ്റ്റൈപ്പന്‍റ് വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാനാവില്ലെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ സ്റ്റൈപ്പന്‍റ് വര്‍ധനയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു കാരണവശാലും സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാവാൻ പാടില്ലെന്നും സർക്കാരിന് പറയാനുള്ളതെല്ലാം ചർച്ചയിൽ പറഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു . പി.ജി ഡോക്ടര്‍മാരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് വീണ ജോർജ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇത് വരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ നിലപാടറിയിച്ചിട്ടില്ല.