പികെ ശശി കെടിഡിസി ചെയർമാൻ
പികെ ശശിയെ കെടിഡിസി ഡയരക്ടറും ചെയർമാനുമായി നിയമിച്ചുകൊണ്ട് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വേണു ഐഎഎസ് ഉത്തരവിറക്കി
ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പികെ ശശിയെ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ(കെടിഡിസി) ചെയർമാനായി നിയമിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ശശിയെ കെടിഡിസി ഡയരക്ടറായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വേണു ഐഎഎസ് ആണ് ഉത്തരവിറക്കിയത്.
നേരത്തെ പീഡനപരാതിയെ തുടർന്ന് പാർട്ടി സസ്‌പെൻഷൻ നേരിട്ട പാലക്കാട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവാണ് പികെ ശശി. വിവാദങ്ങളെത്തുടർന്ന് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയിരുന്നില്ല. 2018 നവംബർ 26നാണ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ശശിയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പിന്നീട് ആറു മാസങ്ങൾക്കുശേഷം തിരിച്ചെടുക്കുകയും ചെയ്തു.
ഡിവൈഎഫ്‌ഐ ജില്ലാ നേതാവാണ് പികെ ശശിക്കെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് സിപിഎം നിയമിച്ച പ്രത്യേക അന്വേഷണ സംഘം പരാതി അന്വേഷിച്ച് നടപടിക്ക് ശിപാർശ നൽകുകയായിരുന്നു. പികെ ശ്രീമതി, എകെ ബാലൻ എന്നിവരടങ്ങിയ സമിതിയാണ് ശശിക്കെതിരായ പരാതി അന്വേഷിച്ചത്. സസ്പെന്‍ഷന്‍ കാലയളവ് തീര്‍ന്നതോടെ 2019 മേയില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. അധികം വൈകാതെ ജില്ലാ കമ്മിറ്റിയിലേക്കും തുടര്‍ന്ന് പഴയ പോലെ ജില്ലാ സെക്രട്ടറിയേറ്റിലും തിരഞ്ഞെടുത്തു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയേറ്റ് ശശിയുടെ പേര് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അദ്ദേഹത്തോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.