സാമ്പത്തിക ക്രമക്കേട്: പി.കെ ശശിക്കെതിരെ സി.പി.എം പ്രാദേശിക ഘടകങ്ങളിൽ ചർച്ച
സി.പി.എം ഭരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ ആറു സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന പരാതി
പാലക്കാട്: സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്ന പി.കെ ശശിക്കെതിരായ പരാതിയിൽ സി.പി.എം പ്രാദേശിക ഘടകങ്ങളിൽ ചർച്ചകൾ നടക്കും. നാളെ നടക്കുന്ന മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും ലോക്കൽ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയാകും. ജില്ലാ, സംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
സി.പി.എം ഭരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ ആറു സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന പരാതി. പി.കെ ശശി ചെയർമാനായ യൂനിവേഴ്‌സൽ കോളജിന്റെ ഓഹരി പാർട്ടിയെ അറിയിക്കാതെ ബാങ്കുകൾ എടുത്തു. ഇതുമൂലം ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. കൂടാതെ ഈ ബാങ്കുകളിൽ പി.കെ ശശിയുടെ അടുപ്പകാർക്കും അവരുടെ ബന്ധുകൾക്കും ജോലി നൽകിയെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. പരാതി ഉയർന്ന മണ്ണാർക്കാട് ലോക്കൽ കമ്മിറ്റിയിലും മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയിലും വിഷയം ചർച്ച ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർദേശിച്ചു. നാളെ രണ്ട് യോഗങ്ങളും നടക്കും. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം സി.കെ രാജേന്ദ്രൻ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും.
Summary: Discussions will be held in CPM local units on the complaint against PK Sasi, who is facing allegations of financial irregularities