'അഡ്മിഷൻ കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞാശ്വസിപ്പിക്കും'; മന്ത്രിയുടെ പോസ്റ്റിന് താഴെ രക്ഷിതാക്കളുടെ പ്രതിഷേധം

രണ്ടാം ഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുകയാണ്

Update: 2021-10-07 11:57 GMT
Advertising

'പഠിച്ച് പരീക്ഷയെഴുതി നല്ല മാർക്ക് വാങ്ങിയിട്ടും അഡ്മിഷൻ കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ് ആശ്വസിപ്പക്കണം എന്ന് കൂടെ പറഞ്ഞ് തരൂ സർ'. പ്ലസ് വൺ സീറ്റിന്‍റെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടതില്ലെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകൾ നിറയുകയാണ്.

മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് വാങ്ങിയിട്ടും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക്  ഇഷ്ടവിഷയം പഠിക്കാനാവാത്തതും പലര്‍ക്കും ഇനിയും സീറ്റ് നേടാനാവാത്തതും  സങ്കടകരമാണെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു. 'ഇഷ്ടമുള്ളത് പഠിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ഞങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചത്. ഞങ്ങൾ വാങ്ങിയ ഫുൾ എ പ്ലസിന്​ വിലയില്ലേ?  പത്തുവർഷം പഠിച്ച സ്കൂളിൽ പോലും വെയ്​റ്റേജ്​ ഇല്ലെന്നു പറഞ്ഞു സീറ്റ്‌ കിട്ടുന്നില്ല'. ഒരു വിദ്യാര്‍ത്ഥി പറഞ്ഞത് ഇങ്ങനെയാണ്. 

 രണ്ടാം ഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുകയാണ്. ഇഷ്ട വിഷയം കിട്ടാതെ നൂറ് കണക്കിന് വിദ്യാർത്ഥികള്‍ ഇപ്പോഴും പുറത്താണ്. ഒന്നാംഘട്ട അലോട്ട്‌മെന്‍റ് പുറത്ത് വന്നപ്പോൾ തന്നെ പകുതിയലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ഇല്ലായിരുന്നു. ഇന്നലെ രണ്ടാം ഘട്ട അലോട്‌മെന്‍റ് പുറത്ത് വന്നതോടെ മെറിറ്റിൽ 655 സീറ്റുകൾ മാത്രമാണിനി ബാക്കിയുള്ളത്. 4,65,219 പേരാണ് പ്രവേശനത്തിനായി ആകെ അപേക്ഷിച്ചിട്ടുള്ളത്. രണ്ട് അലോട്ട്മെന്‍റുകളിലുമായി 2,69, 533 പേർക്കാണ് ഇത് വരെ പ്രവേശനം ലഭിച്ചത്. ഒന്നരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സീറ്റ് നേടാനാവാതെ പടിക്ക് പുറത്താണ്. 

മാനേജ്മെന്‍റ് വിഭാഗത്തിലും അൺ എയ്ഡഡ് മേഖലയിലുമായി 80,000 ഓളം സീറ്റുകൾ ഉണ്ടെങ്കിലും വിദ്യാർഥികൾ പണം മുടക്കി പഠിക്കേണ്ട അവസ്ഥയാണ്.  ഈമാസം 26 നാണ് സപ്ലിമെന്‍ററി പട്ടിക പ്രസിദ്ധീകരിക്കുക. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായതാണ് പ്രതിസന്ധിക്ക് ആക്കം കൂടിയത്. അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽകുകയാണ് സർക്കാർ.

Full View






Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News