കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ട രാജേഷ് മഞ്ജിയെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്
മോഷണത്തിനാണ് ഇയാൾ എത്തിയത് എന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല
മലപ്പുറം: കിഴിശേരിയിൽ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശി രാജേഷ് മഞ്ജി മർദനമേൽക്കാനിടയായ സ്ഥലത്തെത്തിയതിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും. മോഷണത്തിനാണ് ഇയാൾ എത്തിയത് എന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കേസിൽ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തവനൂർ സ്വദേശികളായ എട്ടുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കൂടാതെ തെളിവ് നശിപ്പിച്ചതിന് ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അൽപ്പസമയം മുമ്പാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച അർധരാത്രിയാണ് ബിഹാർ സ്വദേശി രാജേഷ് മഞ്ജി എന്നയാൾ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇപ്പോൾ അറസ്റ്റിലായ എട്ടുപേർ ചേർന്ന് ഇയാളെ ക്രൂരമായി മർദിച്ചുവെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. 12 മണിക്കാണ് ഇയാളെ പിടികൂടിയത്. പിന്നീട് രണ്ടുമണിവരെ ഏതാണ്ട് രണ്ടുമണിക്കൂർ നേരം മർദനം തുടർന്നു.
കൈകൾ ബന്ധിച്ച ശേഷം മരക്കമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചാണ് ഇവർ ഇയാളെ മർദിച്ചത്. ശരീരത്തിലുടനീളം പരിക്കുണ്ടായിരുന്നു. വാരിയെല്ലുകളടക്കം തകർന്നിരുന്നുവെന്നാണ് പോസ്റ്റുമോർട്ടിൽ പറയുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.