പിഴയായി വാങ്ങിയത് 2000, രസീതില്‍ 500; പൊലീസിനെതിരെ പരാതി
സമ്പൂർണ ലോക്ഡൗൺ ലംഘിച്ചതിനാണ് പൊലീസ് 2,000 രൂപ പിഴയിട്ടത്.
വീടിനടുത്തുള്ള അമ്പലത്തിൽ ബലി തർപ്പണത്തിന് പോയ അമ്മയ്ക്കും മകനും പൊലീസ് പിഴയിട്ടു.കൂടാതെ ഇവരിൽ നിന്ന് പൊലീസ് 500 രൂപയുടെ രസീത് നൽകി 2000 രൂപ പിഴ വാങ്ങിയെന്നും പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നവീനാണ് പരാതി നൽകിയത്.
ശ്രീകാര്യത്ത് തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് പോകുമ്പോഴാണ് പൊലീസ് നവീന്റെ കാർ തടഞ്ഞത്. സമ്പൂർണ ലോക്ഡൗൺ ലംഘിച്ചതിനാണ് പൊലീസ് 2,000 രൂപ പിഴയിട്ടത്. ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് നേരത്തെ ടോക്കണെടുത്താണ് ക്ഷേത്രത്തിൽ പോയതെന്ന് നവീൻ പറഞ്ഞു. ഒരിക്കൽ പോലും സത്യവാങ്മൂലമുണ്ടോ എന്ന് പൊലീസ് ചോദിച്ചില്ലെന്നും നവീൻ പ്രതികരിച്ചു.
എന്നാൽ രസീതിൽ എഴുതിയ പിഴവാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിഴവ് മനസിലായതോടെ നവീനെ ഫോണിൽ ബന്ധപ്പെട്ടെന്നും നവീൻ പ്രതികരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.